ഗോകുലം തുടർച്ചയായ നാലാം സീസണിലും കേരള പ്രീമിയർ ലീഗ് ഫൈനലിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചി: കേരള പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ കെഎസ്ഇബി, ഗോകുലം കേരള എഫ്‌സിയെ നേരിടും. 21ന് വൈകിട്ട് 3.45ന് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിലാണ് കിരീടപോരാട്ടം. ഇന്ന് നടന്ന സെമിഫൈനല്‍ മത്സരങ്ങളില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് ഇരുടീമുകളും ഫൈനല്‍ പ്രവേശനം ഉറപ്പാക്കിയത്. മഹാരാജാസ് ഗ്രൗണ്ടില്‍ നടന്ന ആദ്യസെമിയില്‍ ബോസ്‌കോ ഒതുക്കുങ്ങലിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-3നാണ് കെഎസ്ഇബി തോല്‍പ്പിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും 3-3ന് സമനില പാലിച്ചതിനെ തുടര്‍ന്നായിരുന്നു ടൈബ്രേക്കറില്‍ വിജയികളെ നിശ്ചയിച്ചത്. രണ്ടാം പകുതിയില്‍ മൂന്ന് ഗോളിന് മുന്നില്‍ നിന്ന ബോസ്‌കോയെ അവിശ്വസനീയമായ തിരിച്ചുവരവിലൂടെ കെഎസ്ഇബി ഒപ്പം പിടിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

ഗോകുലം കേരള എഫ്‌സിയും കേരള യുണൈറ്റഡ് എഫ്‌സിയും തമ്മില്‍ തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമിയില്‍ കളിയുടെ മുഴുവന്‍ സമയത്തും ഗോളടിക്കാന്‍ ഇരുടീമുകള്‍ക്കും കഴിഞ്ഞില്ല. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കേരള യുണൈറ്റഡിന്റെ രണ്ടു താരങ്ങളുടെ കിക്ക് പുറത്തായി. ഗോകുലം കേരള എഫ്‌സിയുടെ നാലു താരങ്ങള്‍ ലക്ഷ്യം കണ്ടതോടെ 4-2ന് ഗോകുലം വിജയമുറപ്പിച്ചു. ഗോകുലം കേരളയ്ക്ക് ഇത് തുടർച്ചയായ നാലാം കെ പി എൽ ഫൈനൽ ആണ്. ഒരു തവണ ക്ലബ് മുമ്പ് കേരള പ്രീമിയർ ലീഗിൽ കിരീടം നേടിയിട്ടുണ്ട്.