ഇന്ത്യൻ ഓപ്പണിങ് ബാറ്റ്സ്മാൻ കെ.എൽ രാഹുൽ ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പറായി കുറച്ചുകാലം കൂടി തുടരുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിന ജയിച്ച് പരമ്പര സ്വന്തമാക്കിയതിന് ശേഷം സംസാരിക്കുകയായിരുന്നു വിരാട് കോഹ്‌ലി. ഒന്നാം ഏകദിനത്തിൽ പാറ്റ് കമ്മിൻസിന്റെ പന്ത് കൊണ്ട് കൺകഷൻ അനുഭവപ്പെട്ട വിക്കറ്റ് കീപ്പർ റിഷഭ് പന്ത് പരമ്പരയിൽ തുടർന്ന് കളിച്ചിരുന്നില്ല. റിഷഭ് പന്തിന്റെ അഭാവത്തിൽ കെ.എൽ രാഹുലാണ് ഈ പരമ്പരയിൽ മുഴുവൻ ഇന്ത്യക്ക് വേണ്ടി വിക്കറ്റ് കീപ്പിങ് ചെയ്തത്. ഇതോടെ ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന റിഷഭ് പന്തിന് ടീമിലേക്കുള്ള തിരിച്ചുവരവ് കടുത്ത വെല്ലുവിളിയാകും.
നിലവിൽ ഇന്ത്യൻ ടീം വളരെ മികച്ച രീതിയിൽ കളിക്കുന്നുണ്ടെന്നും മാറ്റങ്ങൾ ഇല്ലാതെ ഇറങ്ങിയ ടീം തുടർച്ചയായി രണ്ട് മത്സരങ്ങൾ വിജയിച്ചെന്നും വിരാട് കോഹ്‌ലി പറഞ്ഞു. അത് കൊണ്ട് തന്നെ അതിൽ ഒരു മാറ്റം വരുത്തേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ലെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. കെ.എൽ രാഹുൽ വിക്കറ്റ് കീപ്പിങ് ചെയ്യുമ്പോൾ അധികം ഒരു ബാറ്റ്സ്മാനെ ടീമിൽ ഉൾപെടുത്താൻ സാധിക്കുന്നുണ്ടെന്നും അത് ടീമിന്റെ ബാറ്റിംഗ് ശക്തമാക്കുന്നുണ്ടെന്നും കോഹ്‌ലി പറഞ്ഞു. ടീമിന്റെ സന്തുലിതാവസ്ഥ നോക്കുമ്പോൾ രാഹുൽ വിക്കറ്റ് കീപ്പിങ് ചെയ്യുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും ഇന്ത്യൻ ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.
2003 ലോകകപ്പിൽ രാഹുൽ ദ്രാവിഡ് വിക്കറ്റ് കീപ്പറായ കാര്യവും വിരാട് കോഹ്‌ലി ഓർമിപ്പിച്ചു. രാഹുൽ ദ്രാവിഡ് വിക്കറ്റ് കീപ്പറായപ്പോൾ ടീമിന്റെ സന്തുലിതാവസ്ഥമെച്ചപ്പെട്ടെന്നും ഒരു ബാറ്റ്സ്മാനെ അധികം ടീമിൽ കളിപ്പിക്കുമ്പോൾ ടീമിന് അത് ഗുണം ചെയ്യുമെന്നും കോഹ്‌ലി പറഞ്ഞു.