കേരളത്തെ വട്ടംകറക്കി മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ താരം, മുഹമ്മദ് അസ്ഹറുദ്ദീനു ശതകം, കേരളത്തിനു ബാറ്റിംഗ് തകര്‍ച്ച, കൈവശം നേരിയ ലീഡ് മാത്രം

Sports Correspondent

പഞ്ചാബിനെതിരെ നിര്‍ണ്ണായകമായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിനു രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകര്‍ച്ച. 190/4 എന്ന നിലയില്‍ നിന്ന് 204/8 എന്ന നിലയിലേക്ക് കേരളം വീണതോടെ മത്സരത്തില്‍ വലിയ ലീഡ് നേടുകയെന്ന കേരളത്തിന്റെ പ്രതീക്ഷകള്‍ തകരുകയായിരുന്നു. 112 റണ്‍സ് നേടിയ മുഹമ്മദ് അസ്ഹറുദ്ദീന്റെ വിക്കറ്റ് ബല്‍തേജ് സിംഗ് നേടിയതോടെയാണ് കേരളത്തിന്റെ തകര്‍ച്ച ആരംഭിച്ചത്. വിഷ്ണു വിനോദ് 36 റണ്‍സ് നേടിയപ്പോള്‍ ജലജ് സക്സേന 3 റണ്‍സ് മാത്രം നേടി പുറത്തായി.

മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ കേരളം 220/8 എന്ന നിലയിലാണ്. 124 റണ്‍സ് ലീഡ് കൈവശമുള്ള കേരളത്തിനായി സിജോമോന്‍ ജോസഫ്(7*), നിധീഷ് എംഡി(8*) എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്.

ഒരേ ഓവറില്‍ വിഷ്ണു വിനോദിനെയും ബേസില്‍ തമ്പിയെയും പുറത്താക്കി മുംബൈ ഇന്ത്യന്‍സിന്റെ ഐപിഎല്‍ താരം മയാംഗ് മാര്‍ക്കണ്ടേയാണ് കേരളത്തിന്റെ നില കൂടുതല്‍ പരിതാപകരമാക്കിയത്. പഞ്ചാബിനു വേണ്ടി മയാംഗ് മാര്‍ക്കണ്ടേ മൂന്നും ബല്‍തേജ് സിംഗ്, മന്‍പ്രീത് ഗ്രേവാല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. ആദ്യ ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് നേടിയ സിദ്ധാര്‍ത്ഥ് കൗളിനു ഒരു വിക്കറ്റ് മാത്രമാണ് രണ്ടാം ഇന്നിംഗ്സില്‍ ലഭിച്ചത്.