ഇത്ര കാലവും കേരള ബ്ലാസ്റ്റേഴ്സിന്റെ നല്ല പ്രകടനം കാത്തിരുന്ന ആരാധകർക്ക് ഒരു വിരുന്ന് തന്നെ ഇന്ന് കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ലഭിച്ചു. ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഹൈദരാബാദ് എഫ് സിയുടെ വല നിറക്കുന്ന കേരള ബ്ലാസ്റ്റേഴ്സിനെ ആണ് കാണാൻ കഴിഞ്ഞത്. അഞ്ചു ഗോളുകളാണ് കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിന്റെ വലയിൽ എത്തിച്ചത്. ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയവും.
തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം ആഞ്ഞടിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ വിജയം സ്വന്തമാക്കിയത്. കേരളത്തിന്റെ മികച്ച അറ്റാക്കിംഗ് പ്രകടനം തന്നെ ഇന്ന് കാണാൻ ആയി. കളിയുടെ 14ആം മിനുട്ടിൽ ബോബോയുടെ ഗോളിൽ ആയിരുന്നു ഹൈദരാബാദ് മുന്നിൽ എത്തിയത്. ആ ഗോളിന് ശേഷം ഉണർന്നു കളിച്ച കേരള ബ്ലാസ്റ്റേഴ്സിന് 33ആം മിനുട്ടിൽ ക്യാപ്റ്റൻ ഒഗ്ബെചെ സമനില നൽകി. സുയിവർലൂണിന്റെ പാസിൽ നിന്നായിരുന്നു ഒഗ്ബെചെ ഗോൾ. പിന്നാലെ ഡിഫൻഡർ ഡ്രൊബരോവ് കേരളത്തിന് ലീഡും നൽകി.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് നർസാരിയുടെ പാസിൽ നിന്ന് മെസ്സി ബൗളി കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോളും നേടി. ആദ്യമായാണ് ഈ സീസണിൽ ആദ്യ പകുതിയിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് മൂന്നു ഗോളുകൾ നേടുന്നത്.
ഈ പ്രകടനം രണ്ടാം പകുതിയിലും ആവർത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് ആയി. രണ്ടാം പകുതിയിൽ സത്യസെൻ സിംഗ് 59ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നാലാം ഗോൾ നേടി. പിന്നീട് ക്യാപ്റ്റൻ ഒഗ്ബെചെ വീണ്ടും ഹൈദരബാദ് വല കുലുക്കി. കേരള ബ്ലാസ്റ്റേഴ്സ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമാണിത്. ഒമ്പതു മത്സരങ്ങൾക്ക് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് ഒരു ജയം നേടുന്നത്.