അണ്ടർ 18 ഐലീഗായ എലൈറ്റ് ലീഗിലെ കേരള സോണിൽ നിന്ന് ഉള്ള രണ്ടാമത്തെ ടീമും തീരുമാനമായി. ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഗോകുലം കേരള എഫ് സിയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് ആണ് പ്ലേ ഓഫ് യോഗ്യത ഉറപ്പിച്ചത്. ഇന്ന് ഒരു സമനില എങ്കിലും മതിയായിരുന്നു ഗോകുലത്തിന് പ്ലേ ഓഫിലേക്ക് യോഗ്യത നേടാൻ. പക്ഷെ കേരള ബ്ലാസ്റ്റേഴ്സിന്റെ യുവനിരയ്ക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ ഗോകുലം യുവനിരക്കായില്ല.
എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. രണ്ടു ഗോളുകളും ആദ്യ പകുതിയിൽ ആയിരുന്നു പിറന്നത്. സുരാഗ് ഛേത്രിയും അബ്ദുള്ളയുമാണ് കേരള ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടിയത്. സുരാഗ് ഛേത്രി ഗ്രൂപ്പ് ഘട്ടത്തിൽ നാലു മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളുകൾ നേടി.
ഗ്രൂപ്പിൽ എം എസ് പി നേരത്തെ പ്ലേ ഓഫ് യോഗ്യത നേടിയിരുന്നു. ഗ്രൂപ്പിലെ നാലു മത്സരങ്ങളിൽ നിന്ന് എം എസ് പിക്കും കേരള ബ്ലാസ്റ്റേഴ്സിനും എട്ടു പോയന്റ് നേടാനായി. ഏഴു പോയന്റ് നേടിയ ഗോകുലം കേരള എഫ് സി മൂന്നാം സ്ഥാനത്ത് ആവുകയും ചെയ്തു. ഇനി പ്ലേ ഓഫ് റൗണ്ട് കൂടെ കടന്നാൽ മാത്രമെ കേരള ടീമുകൾക്ക് ഫൈനൽ റൗണ്ടിലേക്ക് എത്താൻ പറ്റൂ. കഴിഞ്ഞ സീസണിൽ ദേശീയ തലത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു റണ്ണേഴ്സ് അപ്പ്.
Photo: Vivek Poduval