ഗോൾ ഒഴുകുകയാണ്, കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് മറ്റൊരു വലിയ ജയം

Newsroom

Img 20220911 Wa0043
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് 9 കേരള യുണൈറ്റഡ്‌ 0

കൊച്ചി: ഗോൾമേളം തുടർന്ന്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ വനിതകൾ. കേരള വനിതാ ഫുട്‌ബോൾ ലീഗിൽ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ കേരള യുണൈറ്റഡ്‌ എഫ്‌സിയെ എതിരില്ലാത്ത ഒമ്പത്‌ ഗോളിന്‌ തകർത്തു. എറണാകുളം മഹാരാജാസ്‌ കേളേജ്‌ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ക്യാപ്‌റ്റൻ പി മാളവിക നാല്‌ ഗോളടിച്ചപ്പോൾ നിധിയ ശ്രീധരൻ ഹാട്രിക്‌ നേടി. സുനിത മുണ്ഡയുടെയും അശ്വതിയുടെയും വകയായിരുന്നു മറ്റ്‌ ഗോളുകൾ. ആറ്‌ കളിയിൽ അഞ്ച്‌ ജയവുമായി ഒന്നാം സ്ഥാനത്ത്‌ തുടർന്നു ബ്ലാസ്‌റ്റേഴ്‌സ്‌.

കെ നിസരി ആയിരുന്നു ഗോൾകീപ്പറായി ബ്ലാസ്‌റ്റേഴ്‌സ്‌ നിരയിൽ ഇറങ്ങിയത്‌. എസ്‌ ആര്യ ശ്രീ, സി സിവ്‌ഷ, മുസ്‌കൻ ശുഭ, മാളവിക, സുനിത, ടി ജി ഗാഥ, നിധിയ, നീലിമ, എം അഞ്ജിത, പി അശ്വതി എന്നിവരും കളത്തിൽ എത്തി. കേരള യുണൈറ്റഡിനായി സുമാൻ ഗോൾവലയ്‌ക്ക്‌ കീഴിൽ എത്തി. അലീന മാത്യു, കെ സാന്ദ്ര, വിസ്‌മയ രാജ്‌, അനന്യ രാജേഷ്‌, ബേബി ലാൽചാന്ദമി, മാർബറിൻ നൊൻഗ്രും, അതുല്യ ഭവി, പി അനീന, ആന്ദ്രിക, ഇബാകൊർദോർ വാഹിലാങ്‌ എന്നിവരാണ്‌ ഇറങ്ങിയത്‌.

കേരള ബ്ലാസ്റ്റേഴ്സ്

രണ്ടാം മിനിറ്റിൽ തന്നെ ബ്ലാസ്‌റ്റേഴ്‌സ്‌ വനിതകൾ ഗോൾവേട്ട തുടങ്ങി. വലതുഭാഗത്ത്‌ നിന്ന്‌ മുസ്‌കൻ ശുഭ നീട്ടിനൽകിയ പന്ത്‌ മാളവിക പിഴവുകളില്ലാതെ കേരള യുണൈറ്റഡ്‌ വലയിൽ എത്തിച്ചു. നിർത്തിയില്ല ബ്ലാസ്‌റ്റേഴ്‌സ്‌ ക്യാപ്‌റ്റൻ. നാലാം മിനിറ്റിൽ അടുത്ത ഗോൾ പായിച്ചു. ബോക്‌സിനു മധ്യത്തിൽനിന്ന്‌ മൂന്നോളം പ്രതിരോധക്കാരികളെയും യുണൈറ്റഡ്‌ ഗോളി സുമനെയും മറികടന്ന്‌ ലക്ഷ്യം കണ്ടു. ആറാം മിനിറ്റിൽ മൂന്നാം ഗോൾ പിറന്നു. മുസ്‌കൻ ശുഭയായിരുന്നു സൂത്രധാരി. വലതുഭാഗത്ത്‌ മാളവികയ്‌ക്ക്‌ നൽകിയ പന്ത്‌ പോസ്റ്റ്‌ ലക്ഷ്യമാക്കി തൊടുത്തു. നിധിയയുടെ കാലുകളിലേക്കാണ്‌ പന്ത്‌ എത്തിയത്‌. തട്ടിയിടേണ്ട പണിയേ ഈ മുന്നേറ്റക്കാരിക്കുണ്ടായുള്ളു. ആക്രമണം തുടർന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ പെൺപട 15-ാം മിനിറ്റിൽ ലീഡുയർത്തി. മാളവിക ഹാട്രിക്‌ തികച്ചു. ഇത്തവണ വലതുപാർശ്വത്തുനിന്ന്‌ രണ്ട്‌ പ്രതിരോധക്കാരികളെ വെട്ടിച്ച്‌ നടത്തിയ ഷോട്ട്‌ വലകുലുക്കി. 15 മിനിറ്റിൽ ഹാട്രിക്‌ പൂർത്തിയാക്കി ബ്ലാസ്‌റ്റേഴ്‌സ ക്യാപ്‌റ്റൻ.

21-ാം മിനിറ്റിൽ അഞ്ചാം ഗോളും എത്തി. കോർണറിൽനിന്ന്‌ തുടങ്ങിയ നീക്കം. ബോക്‌സിന്‌ വലതുമൂലയുടെ പുറത്തുനിന്നും സുനിതയുടെ അസാമാന്യ ഇടംകാലടി ഗോൾവലയിലേക്ക്‌ ആഴ്‌ന്നിറങ്ങി. ആറാം ഗോളടിച്ച്‌ ബ്ലാസ്‌റ്റേഴ്‌സ്‌ ഇടവേളയ്‌ക്ക്‌ പിരിഞ്ഞു. മാളവികയുടെ നീക്കത്തിൽനിന്ന്‌ നിധിയ പിഴവുകളൊന്നും കൂടാതെ ലക്ഷ്യം കണ്ടു.
രണ്ടാംപകുതിയിൽ 51-ാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സ്‌ ഏഴാം ഗോളും കുറിച്ചു. ഇത്തവണയും മാളവികയുടെ ടച്ചിൽ നിന്നായിരുന്നു ഗോൾ പിറന്നത്‌. അശ്വതി ലക്ഷ്യം കണ്ടു. ആക്രമണം തുടർന്ന ബ്ലാസ്‌റ്റേഴ്‌സ്‌ വീണ്ടും ഗോൾവർഷിച്ചു. 73-ാം മിനിറ്റിൽ നിധിയ ഹാട്രിക്‌ പൂർത്തിയാക്കി. 89-ാം മിനിറ്റിൽ മാളവിക നാലാം ഗോളടിച്ചു. ബ്ലാസ്‌റ്റേഴ്‌സിന്റെ ഒമ്പതാം ഗോളും. പന്തുമായി ഒറ്റയ്‌ക്ക്‌ മുന്നേറിയായിരുന്നു സുന്ദരഗോൾ.

സെപ്‌തംബർ 18ന്‌ ബാസ്‌കോ എഫ്‌സിയുമായാണ്‌ ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.