വിംബിൾഡണിൽ സ്വപ്ന നേട്ടം കൈവരിച്ചു 23 കാരിയായ കസാഖിസ്ഥാൻ താരം എലേന റിബാക്കിന. റഷ്യയിൽ ജനിച്ച്, 2018 വരെ റഷ്യക്ക് ആയി കളിച്ചു ഇപ്പോഴും മോസ്കോയിൽ ജീവിക്കുന്ന 17 സീഡ് ആയ റിബാക്കിന വിംബിൾഡണിൽ റഷ്യൻ താരങ്ങളുടെ വിലക്കിന് ഇടയിൽ വലിയ വിരോധാഭാസം ആയി. ഗ്രാന്റ് സ്‌ലാം കിരീടം നേടുന്ന ആദ്യ കസാഖിസ്ഥാൻ താരം കൂടിയാണ് റിബാക്കിന. ചരിത്രം തേടിയ രണ്ടാം സീഡ് ടുണീഷ്യയുടെ ഒൻസ് യാബ്യുറിനെ ആദ്യ സെറ്റ് കൈവിട്ട ശേഷം തിരിച്ചു വന്നാണ് താരം തോൽപ്പിച്ചത്.
മത്സരത്തിൽ 29 വിന്നറുകൾ ആണ് റിബാക്കിന ഉതിർത്തത്. മത്സരത്തിൽ ആദ്യ സെറ്റിൽ ഒൻസ് മികച്ചു നിൽക്കുന്നത് ആണ് കാണാൻ ആയത്. 2 തവണ ബ്രൈക്ക് നേടിയ ടുണീഷ്യൻ താരം സെറ്റ് 6-3 നു നേടി. ചരിത്രത്തിൽ ഗ്രാന്റ് സ്‌ലാം കിരീടം തേടുന്ന ആദ്യ ആഫ്രിക്കൻ, അറബ് താരമായ ഒൻസിന് പക്ഷെ പിന്നീട് പിഴച്ചു. ഒൻസിൽ നിന്നു മികവ് കാണാൻ ആവാതിരുന്നപ്പോൾ റിബാക്കിന അവസരത്തിനു ഒത്തു ഉണർന്നു. തുടക്കത്തിൽ തന്നെ ബ്രൈക്ക് കണ്ടത്തിയ കസാഖ് താരം ഒരിക്കൽ കൂടി ബ്രൈക്ക് കണ്ടത്തി സെറ്റ് 6-2 നു നേടി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. മൂന്നാം സെറ്റിൽ ഒൻസിന്റെ ആദ്യ സർവീസ് തന്നെ റിബാക്കിന ബ്രൈക്ക് ചെയ്തു.
തുടർന്ന് റിബാക്കിനയുടെ സർവീസിൽ 3 ബ്രൈക്ക് പോയിന്റുകൾ ഒൻസ് സൃഷ്ടിച്ചു എങ്കിലും റിബാക്കിന ഇതെല്ലാം രക്ഷിച്ചു. ഇടക്ക് മത്സരത്തിൽ തുടരാൻ ഒൻസ് മാജിക് ഷോട്ടുകൾ പുറത്ത് എടുത്തു. തുടർന്ന് ഒരിക്കൽ കൂടി ഒൻസിന്റെ സർവീസ് ഭേദിച്ച റിബാക്കിന സെറ്റ് 6-2 നു നേടി കസാഖിസ്ഥാനു ആയി പുതിയ ചരിത്രം കുറിച്ചു. മത്സരത്തിൽ 4 ബ്രൈക്കുകൾ നേടിയ റിബാക്കിന 10 ബ്രൈക്ക് പോയിന്റുകൾ ആണ് മത്സരത്തിൽ രക്ഷിച്ചത്. ഒരിക്കൽ കൂടി വനിത വിഭാഗം ടെന്നീസ് എത്രത്തോളം പ്രവചനങ്ങൾക്ക് അതീതം ആണെന്ന് തെളിയിച്ചത് ആയിരുന്നു ഈ ഫൈനൽ. 2011 നു ശേഷം വിംബിൾഡണിൽ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയായി റിബാക്കിന.