കട്മത്ത് യാഹൂ സെവൻസ് സോക്കർ കപ്പിൽ കരുത്ത് കാട്ടി മെഗാസ്റ്റാറും അൽ മിൻഹാലും

- Advertisement -

മോശം കാലാവസ്ഥ വില്ലനായ ഇന്നലെക്ക് ശേഷം ഇന്ന് മൂന്ന് മത്സരങ്ങളാണ് കട്മത്ത് യാഹൂ സെവൻസ് സോക്കർ കപ്പിൽ നടന്നത്. വൈകുന്നേരം നടന്ന മൂന്നു മത്സരങ്ങളും കാണികൾക്ക് വിരുന്ന് തന്നെയായി എന്നു പറയാം. ആദ്യ മത്സരത്തിൽ യോക്‌ഷെയർ യുണൈറ്റഡ് ക്ലബ് മാർലി കിംഗ്‌ മത്സരം സമനിലയിൽ ആണ് അവസാനിച്ചത്. ഇരു ടീമുകളും ഗോൾ കണ്ടത്താൻ മറന്നപ്പോൾ മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. അതേസമയം എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് മെഗാസ്റ്റാർ പൈറേറ്റ്‌സിനെ തകർത്തത്.

നാലാം നമ്പർ ജേഴ്‌സി അണിഞ്ഞ തൗഫീഖിന്റെ ഇരട്ടഗോളുകൾ ആണ് മെഗാസ്റ്റാറിന് ജയം സമ്മാനിച്ചത്. രണ്ടാം പകുതിയിൽ തൗഫീഖ് നേടിയ 2 മികച്ച ഗോളുകൾ ആണ് മെഗാസ്റ്റാറിന് ജയം സമ്മാനിച്ചത്. രണ്ടാം പകുതിയിൽ പൈറേറ്റ്‌സ് ഗോൾ കീപ്പർ സജീദിന്റെ മികച്ച രക്ഷപ്പെടുത്തലുകൾ അവരുടെ പരാജയഭാരം കുറച്ചു. മൂന്നാം മത്സരത്തിൽ ഇതുവരെയുള്ള ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച മത്സരത്തിനു ആണ് വലിയഭൂമി മൈതാനം സാക്ഷിയായത്. ആദ്യ മത്സരത്തിൽ ലാക് ബീച്ച് ബോയ്സ് സീനിയേഴ്സിനോട് ജയിച്ച് വന്ന ടി. ടി. ആർ ബോയ്‌സ് അമിനി അൽ മിൻഹാലിനെ ആണ് നേരിട്ടത്. 3-1 നു അമിനി ടീം ആയിരുന്നു മത്സരത്തിൽ ജയം കണ്ടത്.

മികച്ച തുടക്കം ആണ് ടി. ടി. ആറിന് മത്സരത്തിൽ ലഭിച്ചത്. എന്നാൽ പരിചയമില്ലാത്ത മൈതാനത്ത് ആദ്യം ഒന്നു പകച്ചു എങ്കിലും പതിയെ താളം കണ്ടത്തിയ അൽ മിൻഹാൽ പതിയെ കളിയിൽ താളം കണ്ടത്തി. ആദ്യ പകുതി ഏതാണ്ട് പകുതിയിൽ വച്ച് മുഹമ്മദ് അബു അൽ മിൻഹാലിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ടി. ടി. ആർ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത മുഹമ്മദ് നിസാം അൽ മിൻഹാലിനു രണ്ടാം ഗോൾ സമ്മാനിച്ചു. തുടർന്നു 10 മിനിറ്റിനു ശേഷം മുഹമ്മദ് ഷക്കീലിന്റെ ബുള്ളറ്റ് ഷോട്ട് ടി. ടി.ആർ വല ഭേദിച്ചപ്പോൾ അവർ തോൽവി ഉറപ്പാക്കി. എങ്കിലും പിന്നീട് പൊരുതി കളിച്ച ടി. ടി. ആറിന് മുമ്പിൽ പലപ്പോഴും അൽ മിൻഹാൽ ഗോൾ കീപ്പർ മികച്ച രക്ഷപ്പെടുത്തലുകളും ആയി വില്ലനായി. എങ്കിലും അവസാനം ഗോൾ കീപ്പറെ മറികടന്ന ഇമ്രാൻ ടി. ടി.ആറിന് ആയി മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ആശ്വാസഗോൾ സമ്മാനിച്ചു.

Advertisement