പിരിച്ചുവിടലുകളിലേക്ക് നീങ്ങേണ്ട സാഹചര്യം – കെന്റ് ക്രിക്കറ്റ് ക്ലബ്

തങ്ങളുടെ 150ാം വാര്‍ഷികം ആഘോഷിക്കാനിരിക്കുന്ന ഇംഗ്ലീഷ് കൗണ്ടിയായ കെന്റ് ക്രിക്കറ്റ് ക്ലബ് തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും ഈ കോവിഡ് കാലഘട്ടത്തില്‍ 20 ശതമാനം ഓഫ്-ഫീല്‍ഡ് ടീമിനെ പിരിച്ചുവിടേണ്ട ഒരു സാഹചര്യത്തിലേക്ക് എത്തിയിരിക്കുകയാണന്നും അറിയിച്ചു.

ക്ലബ് തങ്ങളുടെ ഔദ്യോഗിക വാര്‍ത്തക്കുറിപ്പിലൂടെയാണ് ഈ വിവരം അറിയിച്ചത്. പല തരത്തിലുള്ള ചെലവ ചുരുക്കല്‍ നടപടികളിലൂടെ ക്ലബ് പോയെങ്കിലും ഇപ്പോള്‍ പിരിച്ചുവിടലിന്റെ ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ക്ലബ് സൂചിപ്പിച്ചു. നേരത്തെ സര്‍ക്കാരിന്റെ പല സ്കീമുളിലും ഉള്‍പ്പെട്ട് താരങ്ങളും സ്റ്റാഫുകളുമെല്ലാം ഏതാനും മാസങ്ങളില്‍ വേതനങ്ങള്‍ വേണ്ടെന്ന് വെച്ചിരുന്നു. ഇത് കൂടാതെ 20 ശതമാനം വേതനം കുറയ്ക്കുവാന്‍ ഡയറക്ടര്‍മാര്‍ മുന്നോട്ട് വരികയും ചെയ്തുവെങ്കിലും ഇപ്പോള്‍ സ്ഥിതി വളരെ മോശമാണെന്ന് അറിയിച്ചു.

ഏപ്രിലില്‍ കാണികള്‍ക്ക് പ്രവേശനമുണ്ടാകുമെന്നാണ് തങ്ങള്‍ പ്രതീക്ഷിച്ചതെങ്കിലും സ്ഥിതി മെച്ചപ്പെടാതിരുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായെന്നും ക്ലബ് പറഞ്ഞു. 2021ലെ ക്രിക്കറ്റ് സീസണില്‍ കാര്യങ്ങള്‍ മെച്ചപ്പെടുമെന്ന് തങ്ങള്‍ക്ക് ഉറപ്പില്ലെങ്കിലും പ്രതീക്ഷയുമായി മുന്നോട്ട് നീങ്ങുകയാണെന്നുമാണ് ക്ലബ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞത്.