ഐ ലീഗ് കിരീടം നേടിയതിനു പിന്നാലെ ഗോകുലം കേരള താരങ്ങളെ ഐ എസ് എൽ ടീമുകൾ റാഞ്ചാൻ ശ്രമിക്കുകയാണ്. കേരളത്തിലെ മികച്ച യുവതാരങ്ങളിൽ ഒന്നായ ജിതിൻ എം സിനെ ഇപ്പോൾ നോർത്ത് ഈസ്റ്റ് സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. 2019 മുതൽ ഗോകുലത്തിന് ഒപ്പം ജിതിൻ എം എസ് ഉണ്ട്. രണ്ട് തവണ ജിതിൻ ഐ ലീഗ് കിരീടവും നേടി. ജിതിൽ ഈ സീസണോടെ ഐ ലീഗ് വിടും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ജിതിൻ കഴിഞ്ഞ സീസൺ ഐ ലീഗിൽ 17 മത്സരങ്ങൾ കളിക്കുകയും 4 ഗോളുകൾ നേടുകയും ചെയ്തിരുന്നു.എ എഫ് സി കപ്പിലും മികച്ച പ്രകടനം നടത്താൻ ജിതിനായിരുന്നു. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന ജിതിൻ അവിടെ അവസരങ്ങൾ കുറഞ്ഞതിനാൽ ആയിരുന്നു ഗോകുലത്തിലേക്ക് എത്തിയത്.
മുമ്പ് 2017-18 സീസണിൽ കേരളം സന്തോഷ് ട്രോഫി കിരീടം നേടിയപ്പോൾ കേരള ടീമിന്റെ ടോപ്പ് സ്കോറർ ആയിരുന്നു ജിതിൻ എം എസ്. 2017-18ലെ സന്തോഷ് ട്രോഫിയിൽ ഫൈനലിലെ ഗോൾ അടക്കം 5 ഗോളുകൾ ജിതിൻ എം എസ് നേടിയിരുന്നു. കേരളവർമ്മ കോളേജ് വിദ്യാർത്ഥിയായിരുന്ന ജിതിൻ എം എസ് കേരള പ്രീമിയർ ലീഗിലും സെക്കൻഡ് ഡിവിഷൻ ഐ ലീഗിലും എഫ് സി കേരളയ്ക്കായി മികച്ച പ്രകടനം മുമ്പ് കാഴ്ചവെച്ചിരുന്നു. എഫ് സി കേരളയിൽ നിന്നാണ് ജിതിൻ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. മുമ്പ് ബെംഗളൂരു ക്ലബായ ഓസോൺ എഫ് സിയിലും ജിതിൽ കളിച്ചിരുന്നു.