ലിംഗാർഡ്, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബാധ്യത!!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ജെസ്സി ലിംഗാർഡ് എന്ന താരം ഇപ്പോഴും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ കളിക്കുന്ന താരമാണ് എന്നത് തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡിന്റെ ദുരവസ്ഥ മനസ്സിലാക്കി തരും. ഇന്നലെ വോൾവ്സിനെതിരെയും ജെസ്സി ലിംഗാർഡ് ആദ്യ ഇലവനിൽ പത്താം നമ്പർ കളിക്കുന്ന പൊസിഷനിൽ ഇറങ്ങിയിരുന്നു. ഒരു അവസരം പോലും സൃഷ്ടിക്കാതെ കിട്ടിയ അവസരങ്ങൾ ഒക്കെ കളഞ്ഞ് ഇന്നലെയും ലിംഗാർഡ് പതിവ് തുടർന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനെ ശരിയാക്കാൻ ഒലെ ശ്രമിക്കുന്നുണ്ട്. സ്മാളിംഗ്, ജോൺസ്, മാറ്റിച്, യങ് തുടങ്ങിയ ശരാശരിക്കാർ ഒക്കെ ആദ്യ ഇലവനിൽ നിന്ന് മെല്ലെ അകന്നു. പക്ഷെ ഇപ്പോഴും ലിങാർഡ് ടീമിൽ തന്നെ തുടരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിലൂടെ വളർന്നു വന്ന താരമാണ് എന്നതാണ് ലിംഗാർഡിനെ ഇപ്പോഴും കോച്ചിങ് സ്റ്റാഫുകളുടെ പ്രിയ താരമാക്കുന്നത്. 27കാരനായ ലിംഗാർഡിനെ ഇപ്പോഴും യുവതാരമായി കണക്കാക്കുന്നവരും മാഞ്ചസ്റ്ററിൽ ഉണ്ട്.

പ്രസിംഗ് അല്ലാതെ യാതൊരു ഗുണവും ലിംഗാർഡിന്റെ കളിയിൽ ഇപ്പോൾ ഇല്ല എന്നതാണ് സത്യം. ഒരു സീസൺ മുമ്പ് കുറച്ച് കാലം വലിയ മത്സരങ്ങളിൽ വലിയ ഗോളുകൾ നേടിയിരുന്നു എന്നത് ഒഴിച്ചാൽ ലിംഗാർഡിന് കരിയറിൽ തന്നെ നല്ലകാലം ഉണ്ടായിരുന്നില്ല. മാഞ്ചസ്റ്ററിനായി കളിച്ച അവസാന 14 മത്സരങ്ങളിൽ ഒരു ഗോളോ ഒരു അസിസ്റ്റോ നൽകാൻ പോലും ജെസ്സിക്ക് ആയിട്ടില്ല. പത്താം നമ്പറിൽ കളിക്കുന്ന താരമാണ് ജെസ്സി എന്നത് വീണ്ടും ഓർക്കണം.

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി 113 മത്സരങ്ങൾ കളിച്ച ലിംഗാർഡ് ആകെ 10 അസിസ്റ്റുകൾ മാത്രമേ സംഭാവ ചെയ്തിട്ടുള്ളൂ. ലിംഗാർഡിന്റെ പൊസിഷനിൽ വെറും 27 മത്സരങ്ങൾ മാത്രം കളിച്ച് പരാജയം എന്ന് വിധി എഴുതി ക്ലബ് വിട്ട ഡി മറിയക്കും ഉണ്ട് ആ 10 അസിസ്റ്റുകൾ‌. 2019ൽ ഇതുവരെ ആയി ആകെ ഒരു അസിസ്റ്റ് മാത്രമേ ലിംഗാർഡ് ടീമിനായി നൽകിയിട്ടുള്ളൂ. ലിവർപൂളിന്റെ അറ്റാക്കിംഗ് 3ൽ കളിക്കുന്ന സലാ, മാനെ, ഫർമീനോ സഖ്യത്തിൽ ആർക്കെങ്കിലും ഇങ്ങനെ ഒരു പ്രകടനവുമായി ടീമിൽ തുടരാൻ ആകുമോ? ഒരു അറ്റാക്കിംഗ് തേർഡിലും ഇതുപോലെ അറ്റാക്കിംഗ് സംഭാവന ചെയ്യാത്ത താരങ്ങൾ അതിജീവിക്കില്ല. പക്ഷെ യുണൈറ്റഡിൽ ലിംഗാർഡ് വാഴുന്നു. ആഴ്സണലിന്റെ സ്റ്റേഡിയത്തിൽ പോയി ഗോൾ അടിച്ച് ഡാൻസ് ചെയ്തതും, വെംബ്ലിയിലെ വണ്ടർ ഗോളും ഇനിയും എത്ര കാലം ജെസ്സിയെ യുണൈറ്റഡിൽ നിർത്തും?