ഇറ്റ്സ് കമിങ് ഹോം എന്ന ഇംഗ്ലണ്ട് ചാന്റുകൾ തൽക്കാലം ഇറ്റലി മാറ്റി പാടുകയാണ്. കിരീടം ഉറപ്പിച്ച ശേഷം ഇറ്റാലിയൻ സെന്റർ ബാക്ക് ബൊണൂചി പറഞ്ഞതു പോലെ ഇറ്റ്സ് കമിങ് റോം. റോമയിലേക്ക് കിരീടം പോവുകയാണ്. മാഞ്ചിനിക്കും ഇറ്റാലിയൻ നിരയിലെ ഒരോ താരത്തിനും ഈ കിരീടം അർഹിച്ചതണ്. മാഞ്ചിനി വരും മുമ്പ് ഇറ്റാലിയൻ ടീം അവരുടെ ഈ നൂറ്റാണ്ടിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെ കടന്നു പോവുകയായിരുന്നു.
ഈ കിരീടം അവരുടെ ഉയർത്തെഴുന്നേൽപ്പാണ്. ടൂർണമെന്റിൽ എന്നല്ല അവസാന മൂന്ന് വർഷങ്ങളിൽ ഇറ്റലി കളിച്ച നല്ല ഫുട്ബോളിന് ലഭിച്ച അംഗീകാരം. മാഞ്ചിനി വന്നതു മുതൽ ഇറ്റലിയുടെ ശൈലി തന്നെ മാറുന്നതാണ് ഫുട്ബോൾ ലോകം കണ്ടത്. ഡിഫൻസീവ് മോഡിൽ നിന്ന് മോഡോൺ ഫുട്ബോളിലേക്ക് അവർ ചുവടെടുത്തു വെച്ചു. ആക്രമണങ്ങളായി അവരുടെ മുഖമുദ്ര. 34 മത്സരങ്ങളിലെ അപരാജിത കുതിപ്പുമായാണ് ഇറ്റലി ഇന്ന് യൂറോ കിരീടം ഉയർത്തിയത്.
ഈ ടൂർണമെന്റിൽ അവർ നേരിട്ട എല്ലാ ടീമുകളെയും പരാജയപ്പെടുത്തി. ഗ്രൂപ്പ് ഘട്ടത്തിൽ തുർക്കി, സ്വിറ്റ്സർലാന്റ്, വെയിൽസ് എന്നിവർ ഇറ്റലിക്ക് മുന്നിൽ വീണപ്പോൾ നോക്കൗറ്റ് ഘട്ടത്തിൽ ഓസ്ട്രിയ, ബെൽജിയം, സ്പെയിൻ പിന്നെ കലാശക്കൊട്ടിൽ ഇംഗ്ലണ്ട് എന്നിവരും ഇറ്റലിക്ക് മുന്നിൽ മുട്ടുകുത്തി. കിയേസ, സ്പിനസോള, ലോകടെല്ലി, ഡൊണ്ണരുമ്മ, ബരെല, എന്നീ പേരുകൾക്ക് ഒപ്പം ബൊണൂചി, കിയെല്ലിനി എന്നീ ഇതിഹാസങ്ങളും ഇറ്റലിയൻ വിജയത്തെ മുന്നിൽ നിന്നു നയിച്ചു.
അവസാനമായി ഇറ്റലി 2006 ലോകകപ്പിലായിരുന്നു ഒരു മേജർ കിരീടം നേടിയത്. ആ കിരീടത്തോളം തന്നെ മധുരം ഈ യൂറോ കപ്പിനും ഉണ്ടാകും. 2006നേക്കാൾ ഒരു കിരീടം ഇറ്റലിക്ക് ഇപ്പോൾ ആയിരുന്നു ആവശ്യം. അവരുടെ ഈ മനോഹരമായ തിരിച്ചുവരവിന് ഒരു അടയാളമാകാൻ ഈ യൂറോ കപ്പ് ഇറ്റലിക്ക് വേണമായിരുന്നു. ഇനി ഖത്തർ ലോകകപ്പിലേക്ക് നമ്മൾ എത്തുമ്പോൾ ഈ ഇറ്റലി ഫേവറിറ്റുകൾ ആയിരിക്കും എന്ന് സംശയമില്ല.