ഈ ഫൈനൽ സൗത്ത് ഗേറ്റിന്റെ മാത്രം പരാജയം

Img 20210712 040711

ഇന്ന് ഇംഗ്ലണ്ടിനേറ്റ പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം അവരുടെ പരിശീലകനായ സൗത്ത്ഗേറ്റിന് തന്നെ നൽകണം. സൗത്ഗേറ്റിന്റെ കീഴിൽ രണ്ടു ടൂർണമെന്റുകളിൽ മികച്ച പ്രകടനങ്ങൾ നടത്താൻ ഇംഗ്ലണ്ടിനായി എങ്കിലും മാച്ച് മാനേജ്മെന്റിൽ സൗത്ത് ഗേറ്റ് നടത്തിയ പിഴവ് ഇംഗ്ലണ്ടിന് മത്സരം നഷ്ടപ്പെടുത്തുക ആയിരുന്നു. സ്വന്തം ഹോം ഗ്രൗണ്ടായിട്ടും ഒരു ഡിഫൻസീവ് മനോഭാവത്തോടെ ആയിരുന്നു സൗത്ത് ഗേറ്റ് ഇന്ന് ടീമിനെ കളത്തിൽ ഇറക്കിയത്.

ഒരു ഗോളിന് മുന്നിൽ ആയിട്ടും ആദ്യ 30 മിനുട്ടിൽ ഇംഗ്ലണ്ട് അറ്റാക്കുകൾക്ക് മുന്നിൽ ഇറ്റലി പതറുന്നത് കണ്ടിട്ടും സൗത്ത് ഗേറ്റ് ഡിഫൻസ് മതി എന്ന് തീരുമാനിക്കുകയായിരുന്നു. അറ്റാക്കിംഗ് താരങ്ങളുടെ നീണ്ട നിര ഉണ്ടായിട്ടും പലർക്കും അവസരം പോലും കൊടുക്കാൻ ഈ ടൂർണമെന്റിൽ സൗത്ത്ഗേറ്റ് തയ്യാറായില്ല. സാഞ്ചോയും റാഷ്ഫോർഡും ഗ്രീലിഷും ഒക്കെ ഈ ടൂർണമെന്റിൽ കൂടുതൽ സമയവും ബെഞ്ചിൽ ആയിരുന്നു ഇരുന്നത്.

ഈ ടൂർണമെന്റിൽ അവസരം കൊടുക്കാതെ സൗത്ത്ഗേറ്റ് ആത്മവിശ്വാസം തകർത്ത ഇതേ സാഞ്ചോയെയും റാഷ്ഫോർഡിനെയും അദ്ദേഹം കളിയുടെ അവസാന നിമിഷം പെനാൾട്ടി എടുക്കാൻ മാത്രം ഇറക്കി. ആത്മവിശ്വാസം വലിയ പ്രശ്നമായത് കൊണ്ട് തന്നെ ഈ രണ്ടു യുവതാരങ്ങളും പെനാൾട്ടി നഷ്ടപ്പെടുത്തി. ഇതിനേക്കാൾ വലിയ തീരുമാനം ആയി 19കാരനായ സാകയെ അഞ്ചാം പെനാൾട്ടി അടിക്കാൻ അയച്ചത്. സീനിയർ താരങ്ങളായ പലരും ഗ്രൗണ്ടിൽ നിൽക്കെയാണ് ഈ തീരുമാനം. സാകയ്ക്ക് ഈ പ്രായത്തിൽ താങ്ങാവുന്നതിലും വലിയ സമ്മർദ്ദമായിരുന്നു ഇത്. സൗത്ത് ഗേറ്റിന്റെ ഈ തീരുമാനങ്ങൾ ഇംഗ്ലണ്ടിന്റെ പരാജയത്തിലും കലാശിച്ചു.

Previous articleഇറ്റ്സ് കമിങ് റോം!! ഇറ്റലിക്ക് ഇത് 2006നോളം മധുരമുള്ള കിരീടം
Next articleയൂറോ കപ്പ് ഗോൾഡൻ ബൂട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സ്വന്തം