ആറ് ഗോൾ ത്രില്ലർ!, ഹൈദരാബാദും മുംബൈയും സമനിലയിൽ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് പിറന്നത് ആറ് ഗോൾ ത്രില്ലർ. ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സിക്ക് സമനിലയോടെ തുടക്കം. മുംബൈ സിറ്റി എഫ്സി ഹൈദരാബാദ് എഫ്സി മത്സരം 3-3ന് അവസാനിച്ചു‌. ഹൈദരാബാദ് എഫ്സിക്ക് വേണ്ടി ഹാവോ വിക്ടർ ഇരട്ട ഗോളുകളും നർസാറി ഒരു ഗോളുമടിച്ചു. മുംബൈ സിറ്റിക്കായി സ്കോട്ടിഷ് സ്ട്രൈക്കർ ഗ്രെഗ് സ്റ്റെവാർട്ടും അൽബർട്ടോ നൊഗുവേരയും ഗോളടിച്ചു‌. ചിങ്കൽസെന സിംഗിന്റെ സെൽഫ് ഗോളും മുംബൈ സിറ്റിക്ക് തുണയായി.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ അക്രമിച്ച് കളിക്കാൻ മുംബൈ സിറ്റിക്ക് സാധിച്ചു. കളിയുടെ അഞ്ചാം മിനുട്ടിൽ തന്നെ പെരെയ്രയുടെ അറ്റാക്ക് ലക്ഷ്യം കണ്ടില്ല‌. എങ്കിലും ചിംഗ്ലൻസനയുടെ സെൽഫ് ഗോളിൽ മുബൈ ആദ്യ ഗോൾ നേടി. ആദ്യ പകുതിക്ക് മുൻപേ വിക്ടറിന്റെ പെനാൽറ്റിയിലുടെ ഹൈദരാബാദ് ഗോൾ മടക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽ നർസാറി ഗോളടിച്ച് ഹൈദരാബാദിന് ലീഡ് നൽകി. സ്റ്റെവാർട്ടിലൂടെ മുംബൈ ഗോളടിച്ചപ്പോൾ വീണ്ടും വിക്ടറിലൂടെ ഹൈദരാബാദ് മുൻപിലെത്തി‌. നൊഗുവേരയുടെ ഗോൾ പിറന്നപ്പോൾ ഇരു ടീമുകളും പോയന്റ് പങ്കിട്ട് പിരിഞ്ഞു.