സ്റ്റാറിന്റെ ആവശ്യത്തിന് വഴങ്ങി ബിസിസിഐ, ഐപിഎൽ മാര്‍ച്ച് 26ന് ആരംഭിയ്ക്കും

മാര്‍ച്ച് 26ന് ഐപിഎൽ ആരംഭിയ്ക്കണമെന്ന ഡിസ്നി സ്റ്റാറിന്റെ ആവശ്യത്തിന് വഴങ്ങി ബിസിസിഐ. ഇന്ന് ചേര്‍ന്ന ഐപിഎൽ ഗവേണിഗ് കൗൺസിൽ യോഗത്തിലാണ് ഈ തീരുമാനം. വിര്‍ച്വൽ മീറ്റിംഗിലാണ് ഈ തീരുമാനം.

മഹാരാഷ്ട്രയിലാവും ഐപിഎൽ വേദി. 55 മത്സരങ്ങള്‍ മുംബൈയിലും 15 മത്സരങ്ങള്‍ പൂനെയിലും നടക്കും. ആദ്യ 20 മത്സരം വാങ്കഡേയിലും 15 എണ്ണം ബ്രാബോൺ സ്റ്റേഡിയത്തിലും 20 എണ്ണം ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിലും അവസാന 15 മത്സരം മഹാരാഷ്ട്ര ക്രിക്കറ്റ് അസോസ്സിയേഷന്‍ ഗ്രൗണ്ടിലും നടക്കും.

മഹാരാഷ്ട്ര സര്‍ക്കാര്‍ അനുവദിക്കുന്ന പക്ഷം കാണികള്‍ക്ക് അവസരം ഉണ്ടാകുമെന്നും അത് 25 ശതമാനം ആണോ അതോ 50 ശതമാനം ആണോ എന്നതിൽ തീരുമാനം ആവേണ്ടതുണ്ടെന്നും ഐപിഎൽ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേൽ പറഞ്ഞു.

പ്ലേ ഓഫ് മത്സരങ്ങളുടെ വേദിയായി അഹമ്മദാബാദ് ആണ് പരിഗണിക്കപ്പെടുന്നത്.