റുപേ പ്രൈം വോളിബോള്‍ ലീഗ്: അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് ഫൈനലില്‍

Newsroom

Img 20220224 Wa0060
Download the Fanport app now!
Appstore Badge
Google Play Badge 1

ഹൈദരാബാദ്, 24 ഫെബ്രുവരി 2022: ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ ആദ്യ സെമിഫൈനലില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ 3-1ന് തോല്‍പ്പിച്ച് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് ഫൈനലില്‍ കടന്നു. സ്‌കോര്‍: 15-13, 15-12, 9-15, 15-12. കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ്-കാലിക്കറ്റ് ഹീറോസ് തമ്മിലുള്ള രണ്ടാം സെമി മത്സരത്തിലെ വിജയികളെയാണ് ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഡിഫന്‍ഡേഴ്‌സ് നേരിടുക. സ്‌പൈക്കുകളുമായി കളം നിറഞ്ഞ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിന്റെ ഷോണ്‍ ടി ജോണ്‍ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

ആദ്യ സെറ്റില്‍ ഷോണ്‍ ടി ജോണിന്റെ സ്‌പൈക്കുകള്‍ അഹമ്മദാബാദിനെ 10-8ന് ലീഡ് ചെയ്യാന്‍ സഹായിച്ചു. എന്നാല്‍ എസ്‌വി ഗുരു പ്രശാന്തിന്റെ സ്‌പൈക്കിലൂടെ ഒരു സൂപ്പര്‍ പോയിന്റ് നേടിയ ബ്ലാക്ക് ഹോക്‌സ് സ്‌കോര്‍ 10-10 എന്ന നിലയില്‍ സമനിലയിലാക്കി. ഷോണ്‍ ജോണ്‍ തലയുയര്‍ത്തി നിന്നു, ഡിഫന്‍ഡേഴ്‌സ് 13-11ന് ലീഡ് തിരിച്ചുപിടിച്ചു. ആധിപത്യം തുടര്‍ന്ന അഹമ്മദാബാദ് ഒടുവില്‍ 15-13ന് ആദ്യ സെറ്റ് അവസാനിപ്പിച്ചു.

അംഗമുത്തുവിന്റെ ഗംഭീര സ്‌പൈക്കും മനോജ് എല്‍എമിന്റെ ഒരു സൂപ്പര്‍ ബ്ലോക്കും അഹമ്മദാബാദിന് രണ്ടാം സെറ്റില്‍ 9-7ന്റെ ലീഡ് നല്‍കി. പ്രശാന്തിലൂടെ തിരിച്ചടിച്ച ബ്ലാക്ക് ഹോക്‌സ് സ്‌കോര്‍ 9-9ന് സമനിലയിലാക്കി. ക്യാപ്റ്റന്‍ മുത്തുസാമിയിലൂടെ അഹമ്മദാബാദ് ഒരു സൂപ്പര്‍ പോയിന്റ് നേടി, 12-9ന് മൂന്ന് പോയിന്റ് ലീഡ് നേടാനും അത് സഹായിച്ചു. ലീഡ് നിലനിര്‍ത്തിയ ടീം ഒടുവില്‍ രണ്ടാം സെറ്റ് 15-12ന് സ്വന്തമാക്കി മത്സരത്തില്‍ 2-0ന്റെ ലീഡും നേടി.
Img 20220224 Wa0062

മൂന്നാം സെറ്റില്‍ ആതിഥേയര്‍ തിരിച്ചുവരവ് നടത്തി. 5-1ന് മുന്നിലെത്തിയ ബ്ലാക്ക് ഹോക്‌സ് ഗുരുപ്രശാന്തിന്റെ ചില ഗംഭീര സ്‌പൈക്കുകളിലൂടെ കുതിച്ചു. അഹമ്മദാബാദിന്റെ ചില അനാവശ്യ പിഴവുകള്‍ ഹൈദരാബാദിന്റെ വഴി എളുപ്പമാക്കി. 15-9ന് അവര്‍ മൂന്നാം സെറ്റ് നേടി.

നാലാം സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കണ്ടു. മനോജിന്റെയും ഷോണ്‍ ടി ജോണിന്റെയും മികവില്‍ ഡിഫന്‍ഡേഴ്‌സ് 12-9ന് മുന്നിലായി. ഒരു സൂപ്പര്‍ പോയിന്റ് കൂടി നേടിയതോടെ അഹമ്മദാബാദ് ഡ്രൈവിങ് സീറ്റിലായി. സ്‌കോര്‍ 14-9ല്‍ നില്‍ക്കെ ബ്ലാക്ക് ഹോക്‌സിനായി അമിത് ഗുലിയ തുടര്‍ച്ചയായ മൂന്ന് പോയിന്റുകള്‍ നേടി. എന്നാല്‍, പതറാതെ കളിച്ച അഹമ്മദാബാദ് നാലാം സെറ്റ് 15-12ന് അവസാനിപ്പിച്ച് ഫൈനലിലേക്ക് മുന്നേറി.

2022 ഫെബ്രുവരി 25 വെള്ളിയാഴ്ച വൈകിട്ട് 6.50ന് നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ കാലിക്കറ്റ് ഹീറോസ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനെ നേരിടും.