ഗോളടിച്ച് ആഘോഷിച്ച് ഇന്ത്യ, ചൈനയ്ക്കെതിരെ ഗോള്‍ മഴ

FIH പ്രൊ ലീഗ് വനിത മത്സരത്തിൽ ചൈനയ്ക്കെതിരെ മികച്ച വിജയവുമായി ഇന്ത്യ. ഇന്ന് മസ്കറ്റിലെ സുൽത്താന്‍ ഖാബൂസ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ 7-1 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ വിജയം. നവ്നീത് കൗര്‍ 5ാം മിനുട്ടിൽ ഇന്ത്യയുടെ ഗോള്‍ വേട്ട ആരംഭിച്ചപ്പോള്‍ ആദ്യ പകുതിയിൽ തന്നെ നേഹ ഇന്ത്യയുടെ ലീഡുയര്‍ത്തി.

ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇന്ത്യ 2-0ന് മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ വന്ദന കട്ടാരിയ ഇന്ത്യയ്ക്കായി വീണ്ടും ഗോള്‍ നേടിയെങ്കിലും മൂന്ന് മിനുട്ടുകള്‍ക്കുള്ളിൽ സ്യു ഡെംഗിലൂടെ ചൈന ഒരു ഗോള്‍ മടക്കി.

മത്സരം അവസാന ക്വാര്‍ട്ടറിലേക്ക് കടന്നപ്പോള്‍ ദേവി ശര്‍മ്മിള മിനുട്ടുകളുടെ വ്യത്യാസത്തിൽ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഇന്ത്യയുടെ ഗോള്‍ നേട്ടം അഞ്ചായി മാറി. 50ാം മിനുട്ടിൽ ഗുര്‍ജിത് കൗര്‍ ഗോള്‍ നേടിയപ്പോള്‍ അര ഡസന്‍ ഗോളുകള്‍ ചൈനീസ് വലയിലേക്ക് ഇന്ത്യ ഉതിര്‍ത്ത് കഴിഞ്ഞിരുന്നു. 52ാം മിനുട്ടിൽ ഇന്ത്യയുടെ ഏഴാം ഗോള്‍ സുശീല ചാനു നേടി.

നാളെയാണ് ഇരു ടീമുകളും തമ്മിലുള്ള രണ്ടാമത്തെ മത്സരം. കഴിഞ്ഞാഴ്ച നടന്ന വനിത ഏഷ്യ കപ്പ് മത്സരത്തിൽ വെങ്കല മെഡൽ മത്സരത്തിൽ ഇന്ത്യ ചൈനയ്ക്കെതിരെ 2-0ന്റെ വിജയം നേടിയിരുന്നു.