ബ്രേസ്‍വെൽ കൊടുങ്കാറ്റിൽ പതറിയെങ്കിലും 12 റൺസ് വിജയവുമായി ഇന്ത്യ

Sports Correspondent

Michaelbracewell
Download the Fanport app now!
Appstore Badge
Google Play Badge 1

മൈക്കൽ ബ്രേസ്‍വെൽ ക്രീസിൽ നിന്നപ്പോള്‍ ഇന്ത്യ വിജയം കൈവിട്ടുവെന്ന് കരുതിയെങ്കിലും അവസാന ഓവറിൽ ശര്‍ദ്ധുൽ താക്കുറിന് മുന്നിൽ മൈക്കൽ വീണപ്പോള്‍ 12 റൺസ് വിജയവുമായി ഇന്ത്യ.78 പന്തിൽ 140 റൺസ് നേടിയ ബ്രേസ്‍വെൽ 12 ഫോറും 10 സിക്സും അടക്കം നേടിയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് തലവേദന സൃഷ്ടിച്ചത്. 350 റൺസ് വിജയ ലക്ഷ്യം തേടിയറങ്ങിയ ന്യൂസിലാണ്ട് 49.2 ഓവറിൽ 337 റൺസിന് ഓള്‍ഔട്ട് ആയി.

മൈക്കൽ ബ്രേസ്‍വെല്ലിന്റെ വെടിക്കെട്ട് ഇന്നിംഗ്സിന് മുന്നിൽ പതറിയ ഇന്ത്യ ഒടുവിൽ 12 റൺസ് വിജയവുമായി തടിതപ്പുകയായിരുന്നു. അവസാന രണ്ടോവറിൽ 24 റൺസ് വേണ്ട ന്യൂസിലാണ്ടിനെ 49ാം ഓവറിൽ വെറും 4 റൺസ് വിട്ട് നൽകി ഹാര്‍ദ്ദിക് അവസാന ഓവറിൽ ലക്ഷ്യം 20 റൺസാക്കി മാറ്റി.

ശര്‍ദ്ധുൽ താക്കുര്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ സിക്സര്‍ പറത്തി ബ്രേസ്‍വെൽ ഇന്ത്യന്‍ ആരാധകരെ നിരാശയിലാക്കി. രണ്ടാമത്തെ പന്ത് വൈഡ് എറിഞ്ഞതോടെ ലക്ഷ്യം 5 പന്തിൽ 13 റൺസായെങ്കിലും അടുത്ത പന്തിൽ താക്കുര്‍ ബ്രേസ്‍വെല്ലിനെ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.

57 റൺസ് നേടിയ മിച്ചൽ സാന്റനര്‍, 40 റൺസ് നേടിയ ഫിന്‍ അല്ലൻ എന്നിവരാണ് ന്യൂസിലാണ്ടിന്റെ മറ്റു പ്രധാന സ്കോറര്‍മാര്‍. ഇന്ത്യന്‍ നിരയിൽ വെറും 46 റൺസ് വിട്ട് നൽകി 4 വിക്കറ്റ് നേടിയ മൊഹമ്മദ് സിറാജ് ബൗളിംഗിൽ കസറിയപ്പോള്‍ കുൽദീപ് യാദവും ശര്‍ദ്ധുൽ താക്കുറും 2 വീതം വിക്കറ്റ് നേടി.

ശുഭ്മന്‍ ഗിൽ നേടിയ ഇരട്ട ശതകം ആണ് ഇന്ത്യയ്ക്ക് 349/8 എന്ന മികച്ച സ്കോര്‍ നൽകിയത്.