അന്ന് ഇന്ത്യൻ ഫുട്ബോൾ ടീമിനെ ഏഷ്യൻ ഗെയിംസിന് അയക്കാത്തവർക്ക് ഒരു ഓർമ്മപ്പെടുത്തൽ

അധികം ഒന്നും ആയില്ല. കഴിഞ്ഞ ജൂണിലാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിൽ ഫുട്ബോൾ കളിക്കാൻ പോകണ്ട എന്ന തീരുമാനം എടുത്തത്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അന്ന് ഇന്ത്യയെ അയക്കാതിരിക്കാൻ പറഞ്ഞ കാരണം ഇന്ത്യൻ ഫുട്ബോൾ ടീം പാഴ്ചെലവാണ് എന്നായിരുന്നു. ഏഷ്യൻ സ്റ്റേജിൽ ഇന്ത്യൻ യുവനിരക്ക് പോരാടാനുള്ള വലിയൊരു അവസരം ആണ് അന്ന് ഇന്ത്യക്ക് ഒളിമ്പിക്ക് അസോസിയേഷൻ നിഷേധിച്ചത്.

അന്ന് ഒളിമ്പിക് അസോസിയേഷൻ ആ തീരുമാനം എടുത്തതിലും സങ്കടം ആ തീരുമാനത്തെ നിരവധി പേർ ന്യായീകരിച്ചു എന്നതായിരുന്നു. അന്ന് വളരെ അധികം നിരാശ പ്രകടിപ്പിച്ചത് കോൺസ്റ്റന്റൈൻ ആയിരുന്നു, പിന്നെ ഇന്ത്യൻ താരങ്ങളും. അവരുടെ അന്ന് കിട്ടിയ അവഗണനയ്ക്ക് ഉള്ള മറുപടിയാണ് ഇന്ന് അബുദാബിയിൽ കണ്ടത്. ഏഷ്യൻ ഫുട്ബോളിന്റെ ഏറ്റവും വലിയ സ്റ്റേജിൽ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ഒരു തകർപ്പൻ പ്രകടനം. തായ്ലാന്റിനെ 4-1ന് ആണ് ഇന്ത്യ ഇന്ന് മുട്ടുകുത്തിച്ചത്. ആദ്യ റൗണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുന്നു.

അന്ന് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന 24 ടീമുകളെ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയേക്കാൾ ഏറെ പിറകിലുള്ള കൊറേയേറെ രാജ്യങ്ങളുടെ പേരുകൾ അതിൽ ഉണ്ടായിരുന്നു. എന്തിന് മൂന്ന് വർഷമായി ഫിഫയുടെ ബാൻ കാരണം ഫുട്ബോൾ കളി മറന്ന പാകിസ്ഥാന വരെ ഉണ്ടായിരുന്നു.

അവരെ അയക്കാൻ വരെ അവിടുത്തെ ഫുട്ബോൾ അസോസിയേഷനുംകൾ തയ്യാറായപ്പോൾ. നമ്മുടെ രാജ്യത്തിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും എ ഐ എഫ് എഫും പരസ്പരം പഴിചാരിയതല്ലാതെ ടീം എവിടെയും എത്തിയില്ല. ഇന്ത്യൻ ഫുട്ബോളിനെ അയക്കുന്നത് നഷ്ടമാണെന്നും അവസാന രണ്ട് തവണ അയച്ചപ്പോഴും നാണക്കേടായിരുന്നു ഫലം എന്നുമായിരുന്നു ഒളിമ്പിക് അസോസിയേഷന്റെ വിശദീകരണം. അന്ന് അയച്ചിരുന്ന്യ് എങ്കിൽ ഏഷ്യാ കപ്പിന് ഇതിലും നന്നായി ഒരുങ്ങാൻ ഇന്ത്യക്ക് ആയേനെ. ആഷിഖിനെയും താപയെയും പോലുള്ളവർക്ക് കൂടുതൽ പരിചയസമ്പത്ത് ലഭിച്ചേനെ.

നിങ്ങൾ അവസരം നൽകിയാലും ഇല്ലായെങ്കിലും അവരുടെ കഴിവ് അവർ തെളിയിച്ചിരിക്കുന്നു. ഇനി ഒരു വേദിയും ഈ ഫുട്ബോൾ ടീമിന് നിഷേധിക്കാൻ ആർക്കും ആവില്ല.

Previous articleഞങ്ങളുടെ മെസ്സിയും റൊണാൾഡോയും എല്ലാം നീയേ ഛേത്രി!!!
Next articleതായ്ലാന്റിനെ വലച്ചത് ആഷിഖിന്റെ സാന്നിധ്യം, ഒരു കോൺസ്റ്റന്റൈൻ ടാക്ടിക്കൽ ബ്രില്ല്യൻസ്