ഞങ്ങളുടെ മെസ്സിയും റൊണാൾഡോയും എല്ലാം നീയേ ഛേത്രി!!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ ഫുട്ബോൾ എത്ര വളർന്നാലും തളർന്നാലും സുനിൽ ഛേത്രി എന്ന പേര് ആരും മറക്കില്ല. ഏഷ്യാ കപ്പിന്റെ വേദി, ഇന്ത്യക്ക് ഇപ്പോൾ എത്തിപ്പെടാൻ പറ്റുന്ന ഫുട്ബോളിന്റെ ഏറ്റവും വലിയ വേദി. ആ വേദിയിൽ ഛേത്രി അല്ലാതെ ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുക. ക്യാപ്റ്റൻ ആം ബാൻഡ് ഗുർപ്രീത് സിങ് സന്ധുവിനെ ആണ് കോൺസ്റ്റന്റൈൻ ഏൽപ്പിച്ചത് എങ്കിലും ആരാണ് ഇന്ത്യയെ നയിക്കുന്നത് എന്ന് ഛേത്രി കാണിച്ചു തന്നു.

റാങ്കിംഗിൽ ഇന്ത്യക്ക് പിറകലാണെങ്കിലും ഇന്ത്യയെക്കാൾ മികച്ച ടീമാണ് എല്ലാവരും വിലയിരുത്തിയ തായ്ലാന്റ്. ആ തായ്ലാന്റിനെതിരെ ഇന്ത്യ വിജയിച്ച് കയറുമ്പോൾ രണ്ട് ഗോളുകളും പിറന്നത് ഛേത്രിയുടെ ബൂട്ടിൽ നിന്ന്. ആദ്യം ഒരു പെനാൾട്ടി. മെസ്സിയും റൊണാൾഡോയും ലോകകപ്പ് വേദിയിൽ പെനാൾട്ടി എടുക്കുമ്പോൾ പതറിയത് നമ്മൾ കണ്ടതാണ്. എന്നാൽ ഒരു സമ്മർദ്ദത്തിനും കീഴടങ്ങാതെ ഛേത്രി ആ പന്ത് വലയിൽ എത്തിച്ചു.

രണ്ടാം പകുതിയിൽ ഛേത്രി നേടിയ ഗോൾ ഇന്ത്യയുടെ ഏഷ്യാ കപ്പ് ചരിത്രത്തിലെ മികച്ച സ്ട്രൈക്കിൽ ഒന്നാകും. ഛേത്രി തുടങ്ങിയ കൗണ്ടർ അറ്റാക്ക്, ബോക്സിന് പുറത്ത് നിന്ന് ഫസ്റ്റ് ടച്ച് ഷോട്ടിൽ നിന്ന് ഛേത്രി തന്നെ ഫിനിഷ് ചെയ്തു. ഈ ഗോളുകൾ ഛേത്രിയെ 67 അന്താരാഷ്ട്ര ഗോളുകളിൽ എത്തിച്ചു. മെസ്സിയെയും മറികടന്ന ഛേത്രിക്ക് മുന്നിൽ ഇപ്പോൾ കളിക്കുന്നവരിൽ ഇനി ആകെ ഉള്ളത് റൊണാൾഡോ മാത്രമാണ്. 85 ഗോളുകളാണ് റൊണാൾഡോയ്ക്ക് ഉള്ളത്.

ഇന്നത്തെ ഗോളുകൾ ഛേത്രിയെ ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ടോപ്പ് സ്കോററും ആയി. ഇന്നത്തെ രണ്ടു ഗോളുകളോടെ ഛേത്രിക്ക് 4 ഗോളുകൾ ആയി. ഫുട്ബോൾ ഇതിഹാസം ഇന്ദർ സിങിന്റെ രണ്ട് ഗോൾ എന്ന റെക്കോർഡ് ആണ് ഛേത്രി മറികടന്നത്. 2011ലും ഛേത്രി രണ്ട് ഗോളുകൾ ഇന്ത്യക്കായി നേടിയിരുന്നു.

ഗോളുകൾക്ക് പുറമെ മൂന്നാമത്തെ ഇന്ത്യൻ ഗോളിന് തുടക്കമിട്ട പാസ് നൽകിയതും ഛേത്രി ആയിരുന്നു. ഫുട്ബോൾ ഇതിഹാസങ്ങളായി മെസ്സിയും റൊണാൾഡോയും ഒക്കെ ഉണ്ടെങ്കിലും ഞങ്ങളുടെ ഈ ചെറിയ ടീമിനെ ചുമലിലേറ്റുന്ന ഛേത്രി എന്ന ഇതിഹാസം ഇന്ത്യക്കാർക്ക് വിലയിടാൻ കഴിയാത്ത സ്വത്താണെന്ന് പറയണം.