ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ആ മത്സരം ഇന്ന്. ഏഷ്യ കപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ന് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുമ്പോള്‍ തീപാറും പോരാട്ടം ആണ് ഏവരും പ്രതീക്ഷിക്കുന്നത്. ഇന്ത്യ ടി20യിൽ പുതിയ ശൈലിയിൽ കളിക്കുമ്പോള്‍ പാക്കിസ്ഥാന്‍ ബാബര്‍ അസമിലും പേസര്‍മാരിലും ആണ് പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത്.
ഇതുവരെയുള്ള എതിരാളികള്‍ക്കെതിരെ ഇന്ത്യയുടെ പുതിയ ആക്രമോത്സുക ടി20 ശൈലി വിജയിച്ചുവെങ്കിൽ ഇന്ന് പാക്കിസ്ഥാന്‍ പേസര്‍മാര്‍ക്കെതിരെയാണ് ഇതിന്റെ ശരിയായ പരീക്ഷണം.
ടി20 ലോകകപ്പിൽ പാക്കിസ്ഥാനോടേറ്റ പരാജയത്തിന് പകരം വീട്ടുകയെന്ന ലക്ഷ്യത്തോടെയിറങ്ങുന്ന ഇന്ത്യയുടെ ബാറ്റിംഗ് ടൂര്‍ണ്ണമെന്റിലെ കരുതുറ്റത് തന്നെയാണ്. ടോപ് ഓര്‍ഡറിൽ പരിക്ക് മാറി നീണ്ട ഇടവേളയ്ക്ക് ശേഷം എത്തുന്ന കെഎൽ രാഹുലും ഫോമിലേക്ക് മടങ്ങിയെത്താത്ത വിരാട് കോഹ്‍ലിയും അവസരത്തിനൊത്തുയരുമോ എന്നതാണ് പ്രധാന ചോദ്യം.
അതേ സമയം പാക്കിസ്ഥാന്‍ ബാബര്‍ അസമിലാണ് ഏറ്റവും അധികം ആശ്രയിക്കുന്നത്. ബാറ്റിംഗ് നിരയിൽ റിസ്വാന്റെ സേവനം നിര്‍ണ്ണായകമാണ്. പേസ് ബൗളിംഗിൽ വൈവിദ്ധ്യമായര്‍ന്ന ഒരു പറ്റം ബൗളര്‍മാര്‍ പാക്കിസ്ഥാന് അവകാശപ്പെടാന്‍ സാധിക്കുമ്പോള്‍ വലിയ അഭാവം പരിക്ക് കാരണം ഏഷ്യ കപ്പിൽ ഇല്ലാത്ത ഷഹീന്‍ അഫ്രീദിയുടെ സാന്നിദ്ധ്യം ആണ്.
എന്നാൽ പാക് പേസര്‍മാരുടെ ടി20 പരിചയസമ്പത്ത് അത്രയില്ല എന്നത് ടീമിനെ അലട്ടുന്ന കാര്യമാണ്. ഷാഹ്നവാസ് ദഹാനിയും നസീം ഷായും ആകെ രണ്ട് ടി20 മത്സരങ്ങളിലാണ് കളിച്ചിട്ടുള്ളത്. ഹസന്‍ അലിയാകട്ടേ അവസാന നിമിഷം ടീമിലേക്ക് എത്തിയത് മുഹമ്മദ് വസീം ജൂനിയറുടെ പരിക്ക് കാരണം ആണ്. മോശം വര്‍ഷത്തിന് ശേഷം ആണ് ഹസന്‍ അലി ടീമിലേക്ക് എത്തുന്നത്.
ജസ്പ്രീത് ബുംറയുടെയും ടി20 സ്പെഷ്യലിസ്റ്റ് ഹര്‍ഷൽ പട്ടേലിന്റെ പരിക്കും ആണ് ഇന്ത്യയെ അലട്ടുന്ന പ്രധാന ബൗളിംഗ് തലവേദന.
ഏഷ്യ കപ്പിൽ 8-5 എന്ന റെക്കോര്‍ഡ് പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്കുണ്ട്. ഇതിൽ 2010ന് ശേഷം 6 മത്സരങ്ങളിൽ അഞ്ചിലും ഇന്ത്യയാണ് വിജയിച്ചത്.