സിന്ധുവിന്റെ പരാജയത്തോടെ തുടക്കം, തായ്‍ലാന്‍ഡിനോട് അടിയറവ് പറഞ്ഞ് സെമി കാണാതെ ഇന്ത്യ

ഊബര്‍ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയ്ക്ക് തോൽവി. തായ്‍ലാന്‍ഡിനോട് 3-0 എന്ന സ്കോറിന് ആണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യ മത്സരത്തിൽ പിവി സിന്ധു ആതിഥേയരുടെ റച്ചാനോക് ഇന്റാനോണിനോട് മൂന്ന് ഗെയിം പോരാട്ടത്തിൽ 21-18, 17-21, 12-21 എന്ന സ്കോറിനാണ് അടിയറവ് പറ‍ഞ്ഞത്.

തുടര്‍ന്നുള്ള മത്സരങ്ങളിൽ ഡബിള്‍സ് കൂട്ടുകെട്ടായി ശ്രുതി മിശ്ര – സിമ്രാന്‍ സിംഗിയും രണ്ടാം സിംഗിള്‍സിൽ ആക‍ര്‍ഷി കശ്യപും പരാജയപ്പെടുകയായിരുന്നു. ഇന്തോനേഷ്യയെ പരാജയപ്പെടുത്തിയ ചൈനയുമായാണ് തായ്‍ലാന്‍ഡിന്റെ സെമി ഫൈനൽ മത്സരം.

ചൈനീസ് തായ്പേയെ പരാജയപ്പെടുത്തി ജപ്പാനും ഡെന്മാര്‍ക്കിനെ വീഴ്ത്തി കൊറിയയും മറ്റൊരു സെമിയിൽ ഏറ്റുമുട്ടും.

ഇന്ത്യ 2014, 2016 വര്‍ഷങ്ങളിൽ വെങ്കലം നേടിയിട്ടുണ്ടെങ്കിലും അതിന് ശേഷം ഇതുവരെ സെമി ഫൈനലിലേക്ക് എത്തുവാന്‍ ടീമിന് സാധിച്ചിട്ടില്ല.