ഇംഗ്ലണ്ടിന് എതിരായ അഞ്ചാം ടെസ്റ്റിൽ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യക്ക് മുൻതൂക്കം. നിലവിൽ രണ്ടാം ദിനം അവസാനിക്കുമ്പോൾ 84 റൺസിന് അഞ്ചു വിക്കറ്റുകൾ എന്ന നിലയിൽ ആണ് ഇംഗ്ലണ്ട് ഇപ്പോൾ. രാവിലെ ജഡേജയുടെ ശതകത്തിനും ബുംറയുടെ കത്തി കയറലിനും ശേഷം 416 നു ഇന്നിങ്‌സ് അവസാനിപ്പിച്ച ഇന്ത്യ ഉച്ചക്ക് ലഞ്ചിനു പിരിയുന്നതിനു മുമ്പ് ഇംഗ്ലണ്ടിന്റെ ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു. ലഞ്ചിനു ശേഷം എത്തിയ മഴ കളി അധികനേരവും മുടക്കിയെങ്കിലും എറിഞ്ഞ 27 ഓവറുകൾക്ക് ഉള്ളിൽ ഇംഗ്ലണ്ടിന്റെ അഞ്ചു വിക്കറ്റുകൾ സ്വന്തമാക്കാൻ ഇന്ത്യക്ക് ആയി. ക്യാപ്റ്റൻ ജസ്പ്രീത് ബുംറയും, മുഹമ്മദ് ഷാമിയും ഇടക്ക് പന്ത് എടുത്ത മുഹമ്മദ് സിറാജും ഇംഗ്ലിഷ് ബാറ്റ്സ്മാന്മാർക്ക് ശ്വാസം വിടാൻ അവസരം നൽകിയില്ല.
ലഞ്ചിനു മുമ്പ് 6 റൺസ് എടുത്ത അലക്‌സ് ലീസിന്റെ കുറ്റി തെറിപ്പിച്ച ബുംറ 9 റൺസ് എടുത്ത സാക് ക്രൗലിയെ ശുഭമാൻ ഗില്ലിന്റെ കയ്യിൽ എത്തിച്ചു. തുടർന്ന് 10 റൺസ് എടുത്ത ഒലി പോപ്പിനെ അയ്യറിന്റെ കയ്യിലും ക്യാപ്റ്റൻ ബുംറ എത്തിച്ചു. 3 വിക്കറ്റുകൾ വീണ ശേഷം ജോണി ബരിസ്റ്റോയും ആയി ചേർന്നു ജോ റൂട്ട് രക്ഷാപ്രവർത്തനം തുടങ്ങി. എന്നാൽ 31 റൺസ് എടുത്ത റൂട്ടിനെ പന്തിന്റെ കയ്യിൽ എത്തിച്ച മുഹമ്മദ് സിറാജ് ഇംഗ്ലണ്ടിന് കനത്ത പ്രഹരം ആണ് ഏൽപ്പിച്ചത്. തുടർന്ന് നൈറ്റ് വാച്ച്സ്മാൻ ആയി എത്തിയ ജാക് ലീച്ചിനെ റൺസ് എടുക്കും മുമ്പ് മുഹമ്മദ് ഷാമി പന്തിന്റെ കയ്യിൽ എത്തിച്ചതോടെ ഇംഗ്ലണ്ടിന്റെ അഞ്ചാം വിക്കറ്റും നഷ്ടമായി. ലീച്ചിനു അക്കൗണ്ട് തുറക്കാൻ ആയില്ല. നിലവിൽ 12 റൺസ് എടുത്ത ബരിസ്റ്റോയും റൺസ് ഒന്നും എടുക്കാതെ ബെൻ സ്റ്റോക്സും ആണ് ക്രീസിൽ. നിലവിൽ ഇന്ത്യയുടെ സ്കോറിന് 332 റൺസ് പിറകിൽ ആണ് ഇംഗ്ലണ്ട്.