കബഡി സ്വര്‍ണ്ണം കൈവിട്ട് വനിതകളും

ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ ഇന്ത്യയ്ക്ക് നിരാശ. പുരുഷ ടീം സെമിയില്‍ ഇറാനോട് തോറ്റപ്പോള്‍ ഇന്ന് വനിതകള്‍ ഫൈനലിലാണ് ഇറാനോട് അടിയറവു പറഞ്ഞത്. ആദ്യ പകുതിയില്‍ നേരിയ ലീഡ് ഇന്ത്യയ്ക്ക് നേടാനായിരുന്നുവെങ്കിലും രണ്ടാം പകുതിയില്‍ ഇറാന്‍ മികവ് പുലര്‍ത്തി സ്വര്‍ണ്ണം സ്വന്തമാക്കുകയായിരുന്നു. പരാജയപ്പെട്ട ഇന്ത്യയ്ക്ക് വെള്ളി മെഡലുമായി തൃപ്തിപ്പെടേണ്ടി വന്നു. 27-24 എന്ന സ്കോറിനാണ് ഇറാന്റെ വിജയം. എന്നാല്‍ ഇന്ത്യയ്ക്കെതിരെ ഒട്ടനവധി പോയിന്റുകള്‍  തെറ്റായി വിധിക്കപ്പെട്ടുവെന്നാണ് പരക്കെ ഉയരുന്ന ആരോപണം.

പകുതി സമയത്ത് 13-11നു ഇന്ത്യ ഇറാനെതിരെ ലീഡ് ചെയ്യുകയായിരുന്നു. എന്നാല്‍ രണ്ടാം പകുതി ആരംഭിച്ച് അല്പ സമയത്തിനുള്ളില്‍ ഇന്ത്യന്‍ വനിതകള്‍ 15-18നു പിന്നില്‍ പോയി.മത്സരം അവസാനിക്കുവാന്‍ ആറ് മിനുട്ടുകള്‍ മാത്രമുള്ളപ്പോള്‍ ഇറാനു 23-20ന്റെ ലീഡ് കൈവശപ്പെടുത്താനായിരുന്നു.