പുരുഷ ടീമിന് പിന്നാലെ വെങ്കല മെഡല്‍ നേടുകയെന്ന ഇന്ത്യന്‍ വനിതകളുടെ മോഹങ്ങള്‍ സഫലമായില്ല. ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ ബ്രിട്ടനെതിരെ ഇന്ത്യന്‍ വനിതകള്‍ 3-4 എന്ന സ്കോറിന് പൊരുതി വീഴുകയായിരുന്നു. ഇന്ത്യയ്ക്കായി ഗുര്‍ജീത് കൗര്‍ രണ്ട് ഗോള്‍ നേടിയപ്പോള്‍ വന്ദന കട്ടാരിയ ഒരു ഗോള്‍ നേടി. റിയോ ഒളിമ്പിക്സിലെ സ്വര്‍ണ്ണ മെഡൽ ജേതാക്കളായിരുന്നു ബ്രിട്ടനെങ്കിൽ ഇന്ത്യയ്ക്ക് ഇത് അവിസ്മരണീയമായ ഒരു ടൂര്‍ണ്ണമെന്റിന്റെ അന്ത്യമായിരുന്നു.
ആദ്യ ക്വാര്‍ട്ടര്‍ ഗോള്‍രഹിതമായി അവസാനിച്ച ശേഷം രണ്ടാം ക്വാര്‍ട്ടറിൽ അഞ്ച് ഗോളുകള്‍ പിറക്കുന്നതാണ് കണ്ടത്. ബ്രിട്ടന്‍ 2-0ന് മുന്നിലെത്തിയെങ്കിലും ഇന്ത്യ മൂന്ന് ഗോള്‍ മടക്കി മുന്നിലെത്തുന്ന കാഴ്ചയാണ് കണ്ടത്.
പകുതി സമയത്ത് ഇന്ത്യ 3-2ന് മുന്നിലായിരുന്നുവെങ്കിലും മൂന്നാം ക്വാര്‍ട്ടറിൽ ഇന്ത്യയ്ക്കെതിരെ ഗോള്‍ നേടി ബ്രിട്ടന്‍ ഒപ്പമെത്തി. മത്സരത്തിന്റെ 48ാം മിനുട്ടിൽ പെനാള്‍ട്ടി കോര്‍ണറിലൂടെ ബ്രിട്ടന്‍ മുന്നിലെത്തി. ബ്രിട്ടന് വേണ്ടി എലീന റേയര്‍, സാറ റോബേര്‍ട്സൺ, ക്യാപ്റ്റന്‍ ഹോളി പിയേര്‍ണേ, ഗ്രേസ് ബാല്‍ഡ്സൺ എന്നിവരാണ് ഗോള്‍ നേടിയത്.