ടോസ് നേടിയ ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയെ എറിഞ്ഞു ഒതുക്കി ഇന്ത്യ. 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ 286 റൺസാണ് എടുത്തത്. സെഞ്ചുറി പ്രകടനവുമായി ഒറ്റയാൾ പോരാട്ടം നടത്തിയ സ്റ്റീവ് സ്മിത്ത് ആണ് ഓസ്ട്രേലിയ സ്കോർ ഉയർത്തിയത്. അർദ്ധ സെഞ്ചുറിയുമായി മാർനസ് ലബുഷെയിൻ സ്മിത്തിന് പിന്തുണ നൽകി.
ടോസ് നഷ്ട്ടപെട്ട് ബൗളിംഗ് തുടങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. 46 റൺസ് എടുക്കുന്നതിനിടെ ഇന്ത്യ രണ്ടു ഓസ്‌ട്രേലിയൻ ഓപ്പണർമാരെയും പുറത്താക്കിയിരുന്നു. എന്നാൽ തുടർന്ന് വന്ന സ്റ്റീവ് സ്മിത്ത് – മാർനസ് ലബുഷെയിൻ സഖ്യം മൂന്നാം വിക്കറ്റിൽ 127 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യയെ പ്രതിരോധത്തിലാക്കി. എന്നാൽ ഒരു ഓവറിൽ ലബുഷെയിനിന്റെയും സ്റ്റാർക്കിന്റെയും വിക്കറ്റുകൾ വീഴ്ത്തി ജഡേജ മത്സരം ഇന്ത്യയുടെ വരുതിയിലാക്കുകയായിരുന്നു. സ്റ്റീവ് സ്മിത്ത് 131 റൺസ് എടുത്ത് പുറത്തായപ്പോൾ ലബുഷെയിൻ 54 റൺസ് എടുത്ത് പുറത്തായി.
അവസാന ഓവറുകളിൽ മുഹമ്മദ് ഷമിയും മികച്ച ബൗളിംഗ് പുറത്തെടുത്തതോടെ ഓസ്‌ട്രേലിയൻ സ്കോർ 286 ഒതുങ്ങുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ഷമി 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ ജഡേജ രണ്ടും സെയ്നിയും കുൽദീപ് യാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. അതെ സമയം ഫീൽഡിങ്ങിനിടെ പരിക്കേറ്റ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ പുറത്തു പോയത് ഇന്ത്യക്ക് തിരിച്ചടിയായി. ഇന്ത്യ ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ ധവാൻ കളിക്കുമോ എന്ന് വ്യക്തമല്ല.