ലോകകപ്പ് യോഗ്യത റൗണ്ടിലെ അവസാന മത്സരത്തിൽ അഫ്ഗാനിസ്താനെ നേരിട്ട ഇന്ത്യക്ക് സമനില. 1-1 എന്ന സ്കോറിനാണ് മത്സരം അവസാനിച്ചത്. ഈ സമനില ഇന്ത്യക്ക് ഗ്രൂപ്പിൽ മൂന്നാം സ്ഥാനം ഉറപ്പിച്ചു. മലയാളി താരം ആശിഖ് കുരുണിയൻ ഇന്ത്യക്ക് വേണ്ടി ഗംഭീര പ്രകടനം കാഴ്ചവെച്ചു. ഇന്ത്യയുടെ ഗോൾ ഒരുക്കിയതും ആശിഖ് കുരുണിയനായിരുന്നു.
ഇന്ന് മികച്ച ടീമിനെ തന്നെ അണിനിരത്തിയ ഇന്ത്യ ആദ്യ പകുതിയിൽ മികച്ചു നിന്നു. അധികം അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ല എങ്കിലും കളി ഇന്ത്യയുടെ നിയന്ത്രണത്തിൽ തന്നെ ആയിരുന്നു. മത്സരത്തിന്റെ ഒമ്പതാം മിനുട്ടിൽ ഇന്ത്യയുടെ ആദ്യ നല്ല അവസരം ഛേത്രിക്ക് ലഭിച്ചു. ഗ്ലെൻ മാർടിൻസ് ബ്രേക്ക് ചെയ്തു നേടിയ പന്ത് എടുത്ത് മുന്നേറിയ ഛേത്രി ഇടം കാലു കൊണ്ട് ഒരു ഷോട്ട് എടുത്തു എങ്കിലും അഫ്ഗാൻ കീപ്പറെ കീഴ്പ്പെടുത്താൻ അത് മതിയായിരുന്നില്ല. ആദ്യ പകുതിയിൽ മിഡ്ഫീൽഡിൽ ഗ്ലൻ മാർടിൻസ് മികച്ചു നിന്നു. നിരവധി സെറ്റ് പീസുകളിലൂടെ ഇന്ത്യ അറ്റാക്ക് ചെയ്തു എങ്കിലും ബ്രാണ്ടൺ ഫെർണാണ്ടസിന്റെ ക്രോസുകൾക്ക് തലവെച്ച് ലക്ഷ്യത്തിൽ എത്തിക്കാൻ ഇന്ത്യൻ ടീമിന് ആദ്യ പകുതിയിൽ ആയില്ല.
സെറ്റ് പീസിൽ നിന്ന് തന്നെ ആയിരുന്നു അഫ്ഘാനിസ്ഥാന്റെയും പ്രധാന അറ്റാക്കുകൾ വന്നത്. രണ്ടാം പകുതിയിലും കാര്യമായി അവസരങ്ങൾ കളിയിൽ പിറന്നില്ല. ഇന്ത്യ അപുയിയയെയും ലിസ്റ്റണെയും ഗ്രൗണ്ടിൽ ഇറക്കി നോക്കിയിട്ടും ആദ്യ ഗോൾ വന്നില്ല. കളിയിലെ ഇരുപത് മിനുട്ടുകളിൽ അധികം ശേഷിക്കെ സുനിൽ ഛേത്രിയെ പിന്തുണച്ചത് കൗതുകമായി.
75ആം മിനുട്ടിൽ ഇന്ത്യയെ ഭാഗ്യം തുണച്ചു. ഇടതു വിങ്ങിൽ നിന്ന് ആശിഖ് കുരുണിയൻ നൽകിയ ക്രോസ് കയ്യിൽ ഒതുക്കാൻ ശ്രമിച്ച അഫ്ഗാൻ ഗോൾ കീപ്പർ ഒവയ്സ് അസീസി പന്ത് സ്വന്തം വലയിലേക്ക് തന്നെ നിക്ഷേപിച്ചു. കഴിഞ്ഞ മത്സരത്തിലും ആശിഖിന്റെ ക്രോസിൽ നിന്നായിരുന്നു ഇന്ത്യയുടെ ആദ്യ ഗോൾ വന്നിരുന്നത്. ഈ ഗോൾ ഇന്ത്യക്ക് ആത്മവിശ്വാസം നൽകി. ആശിഖിലൂടെ ഇടതു വിങ്ങിലൂടെ വീണ്ടും ഇന്ത്യ ആക്രമണം നടത്തി. പക്ഷെ ആശിഖിന് മത്സരത്തിന് അവസാനം പരിക്കേറ്റ് പുറത്തു പോകേണ്ടി വന്നത് ടീമിന് ആശങ്ക നൽകി. ഇതിനു പിന്നാലെ 82ആം മിനുട്ടിൽ സമാനിയിലൂടെ അഫ്ഗാൻ സമനിലയും നേടി. ഇത് അവസാന നിമിഷങ്ങളിൽ ടീമിനെ സമ്മർദ്ദത്തിലാക്കി. എങ്കിലും സമനിലയിൽ തന്നെ കളി അവസാനിച്ചു.
ഈ സമനിലയോട് ഇന്ത്യ ഗ്രൂപ്പിൽ 7 പോയിന്റുമായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഖത്തറും ഒമാനുമാണ് ഗ്രൂപ്പിൽ ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തത്. മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെ ഇന്ത്യ ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ട് പോരാട്ടത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് യോഗ്യത നേടി.