പരുക്കൻ അടവുകൾക്കും നിരന്തരമുള്ള പരിക്കുകൾക്കും കേളികേട്ട സമീപകാല ഫുട്ബോളിൽ ഇനാകി വില്യംസ് എന്ന അത്ലറ്റിക് ബിൽബാവോ താരം വിസ്മയം ആവുകയാണ്. ബോസ്ക് താരങ്ങൾക്ക് മാത്രം കളിക്കാൻ പറ്റുന്ന അത്ലറ്റിക് ബിൽബാവോയിൽ ബോസ്ക് രാജ്യത്ത് ഘാന അഭയാർത്ഥികൾക്ക് ജനിച്ചു ബോസ്ക് ആയി വളർന്നു എന്നതിനാൽ മാത്രം അത്ലറ്റിക് ടീമിൽ ഇടം പിടിച്ച വില്യംസ് സഹോദരന്മാരുടെ കഥ പ്രസിദ്ധം തന്നെയാണ്. അത്ലറ്റിക് ക്ലബിൽ കളിക്കുന്ന ഇനാകിയും അനിയൻ നികോ വില്യംസും അവരുടെ പ്രധാന താരങ്ങൾ കൂടിയാണ്. സഹാറ മരിഭൂമി നടന്നു താണ്ടി അഭയാർത്ഥി ആയി എത്തിയ മാതാപിതാക്കളുടെ അതേ വീര്യം തന്നെയാണ് കളത്തിൽ വില്യംസ് സഹോദരങ്ങൾ പുറത്ത് എടുക്കുന്നത്. ഇതിൽ ഇനാകി വില്യംസ് ആണ് കളത്തിലെ തന്റെ അച്ചടക്കം കൊണ്ടും ശാരീരിക മികവ് കൊണ്ടും ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിക്കുന്നത്.
മുന്നേറ്റത്തിൽ വേഗത കൈമുതൽ ആയുള്ള ഇനാകി അത്ലറ്റിക് സീനിയർ ടീമിൽ ഇടം പിടിച്ചത് 2014 മുതൽ ആണ്. അന്ന് മുതൽ ഇന്ന് വരെ 260 തിൽ അധികം മത്സരങ്ങൾ കളിച്ച താരം 50 തിൽ അധികം ഗോളുകളും നേടി. അതേസമയം 2016 മുതൽ കഴിഞ്ഞ ആറു വർഷമായി ഇനാകി വില്യംസ് അത്ലറ്റിക് ക്ലബിന്റെ ഒരു മത്സരവും നഷ്ടമാക്കിയിട്ടില്ല എന്നത് അത്ഭുതകരമായ വസ്തുതയാണ്. ഇന്ന് സെൽറ്റ വിഗോക്ക് എതിരായ ജയത്തിൽ കളത്തിൽ ഇറങ്ങിയ ഇനാകി തുടർച്ചയായ 224 മത്തെ സ്പാനിഷ് ലാ ലീഗ മത്സരം ആണ് ഇന്ന് കളിച്ചത്. ഈ 6 വർഷത്തിന് ഇടയിൽ ഒരിക്കൽ പോലും ഒരു മത്സരം പോലും ഇനാകി അത്ലറ്റിക് ക്ലബിന് ആയി നഷ്ടമാക്കിയിട്ടില്ല. ഒരു ചുവപ്പ് കാർഡോ വിലക്കോ നേരിടാത്ത ഇനാകി ഒരിക്കൽ പോലും പരിക്കിനും കീഴടങ്ങിയില്ല. വേഗത കൈമുതൽ ആയുള്ള അപകടകരമായ ഫുട്ബോൾ കളിക്കുന്ന സമയത്തും തന്റെ ശാരീരിക ക്ഷമത നിലനിർത്താൻ ഇനാകി ചെലുത്തുന്ന ശ്രദ്ധയെ അവിശ്വസനീയം എന്നു മാത്രമേ വിളിക്കാൻ പറ്റൂ. ഉറപ്പായിട്ടും ആധുനിക ഫുട്ബോളിലെ അത്ഭുതം തന്നെയാണ് ആഫ്രിക്കൻ വേരുകൾ ഉള്ള അത്ലറ്റിക് ബിൽബാവോയുടെ ഈ ബോസ്ക് താരം.