ഹൃദയത്തിൽ താൻ എന്നും ആഴ്സണൽ താരം ~ ഫാബ്രിഗാസ്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഇതിഹാസ ആഴ്സണൽ താരം തിയറി ഒൻറിയും ആയുള്ള ഇൻസ്റ്റാഗ്രാം സംഭാഷണത്തിൽ ആഴ്സണൽ ആണ് തന്റെ എന്നത്തേയും ടീമെന്നു വ്യക്തമാക്കി സ്പാനിഷ് താരം സെസ്ക് ഫാബ്രിഗാസ്. നിലവിൽ മോണോക്കോ താരം ആയ ഫാബ്രിഗാസ് മുൻ ആഴ്സണൽ നായകൻ കൂടിയാണ്. ബാഴ്‌സലോണ അക്കാദമിയിൽ നിന്ന് ആഴ്സണലിൽ എത്തിയ ഫാബ്രിഗാസ് 2003 ൽ 16 വയസ്സിൽ ലീഗ് കപ്പിൽ അരങ്ങേറ്റം കുറിച്ച ശേഷം തുടർച്ചയായി 8 സീസണിൽ ക്ലബിനായി ബൂട്ട് കെട്ടി. 300 ലേറെ മത്സരം കളിച്ച താരം 2005 ൽ എഫ്.എ കപ്പ് കിരീടവും ഉയർത്തി.

തന്റെ കരിയറിന്റെ വളർച്ചക്ക് ആഴ്സണലും വെങറും വഹിച്ച പങ്കും സഹതാരങ്ങൾ ആയ തിയറി ഒൻറി, റോബർട്ട് പിറസ്, പാട്രിക് വിയേര, സോൾ കാമ്പൽ, ആഷ്‌ലി കോളെ എന്നിവരുടെ പങ്കും ഫാബ്രിഗാസ് ഓർത്ത് എടുത്തു. ആഴ്സണൽ വിട്ട ശേഷം ബാഴ്‌സലോണയിൽ കളിച്ച ഫാബ്രിഗാസ് ആഴ്സണലിന്റെ വൈരികൾ ആയ ചെൽസിയിൽ ചേർന്നത് പല ആഴ്സണൽ ആരാധകരെയും ചൊടിപ്പിച്ചിരുന്നു. ചെൽസിയിൽ ഫാബ്രിഗാസ് പ്രീമിയർ ലീഗ് കിരീടം ഉയർത്തിയത് ആഴ്സണൽ ആരാധകരെ പരിഹസിക്കാൻ മറ്റ് ആരാധകർ ഉപയോഗിക്കാറുണ്ടായിരുന്നു. ചെൽസിയിൽ കിരീടം ഉയർത്തിയത് തനിക്ക് പ്രിയപ്പെട്ടത് ആണെന്ന് പറഞ്ഞ ഫാബ്രിഗാസ് കളിക്കാരൻ എന്ന നിലക്ക് കിരീടനേട്ടങ്ങൾ പ്രധാനമാണ് എന്നും വ്യക്തമാക്കി.

2 ക്ലബ്ബിലെയും ആരാധകർ തനിക്ക് പ്രിയപ്പെട്ടവർ ആണെന്ന് വ്യക്തമാക്കിയ ഫാബ്രിഗാസ് താൻ ഒരിക്കലും ആഴ്സണലിന് എതിരെ പറയുന്നത് കേൾക്കില്ല എന്നും കൂട്ടിച്ചേർത്തു. തനിക്ക് എല്ലാം നൽകിയ ആഴ്സണൽ ആണ് തന്നിലെ നായകമികവ് അടക്കം പുറത്ത് എടുത്തു മികച്ച താരമായി വളരാൻ സഹായിച്ചത് എന്നു കൂട്ടിച്ചേർത്ത ഫാബ്രിഗാസ് അതിനാൽ തന്നെ ഹൃദയത്തിൽ താൻ എന്നും ആഴ്‌സണൽ താരം ആയിരിക്കും എന്നും വ്യക്തമാക്കി. ഫാബ്രിഗാസിനെ ചുവപ്പ് ജേഴ്‌സിയിൽ അല്ലാതെ കാണാൻ ആവില്ല എന്നും ചെൽസിയിൽ ഫാബ്രിഗാസ് കിരീടം ഉയർത്തിയത് കണ്ടിരിക്കാൻ പ്രയാസം ആയിരുന്നു എന്ന ഒൻറിയുടെ പ്രസ്താവനയോട് ആയിരുന്നു ഫാബ്രിഗാസിന്റെ പ്രതികരണം. 2019 ൽ ചെൽസി വിട്ട ശേഷം ഫ്രഞ്ച് ടീമായ മോണോക്കോയിൽ ആണ് 33 കാരൻ ആയ ഫാബ്രിഗാസ് ഇപ്പോൾ കളിക്കുന്നത്.