മികച്ച തുടക്കത്തിന് ശേഷം ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച, ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി രക്ഷയ്ക്കെത്തി ഹര്‍മ്മന്‍പ്രീത് കൗര്‍

Shafaliverma

ഓസ്ട്രേലിയയ്ക്കെതിരെ കോമൺവെൽത്ത് ഗെയിംസിന്റെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 154 റൺസ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ സ്മൃതി മന്ഥാനയും ഷെഫാലി വര്‍മ്മയും ആദ്യ വിക്കറ്റിൽ 25 റൺസാണ് നേടിയത്.

സ്മൃതി 17 പന്തിൽ 24 റൺസ് നേടി പുറത്തായപ്പോള്‍ രണ്ടാം വിക്കറ്റിൽ യാസ്ടിക ഭാട്ടിയയെ(8) കൂട്ടുപിടിച്ച് ഷഫാലി 43 റൺസാണ് കൂട്ടിചേര്‍ത്തത്. തന്റെ വ്യക്തിഗത സ്കോര്‍ 48ൽ നിൽക്കുമ്പോള്‍ ഷഫാലിയെ ഇന്ത്യയ്ക്ക് നഷ്ടമായി. നാലാം വിക്കറ്റിൽ ഹര്‍മ്മന്‍പ്രീത് കൗറും ജെമീമ റോഡ്രിഗസും 22 റൺസ് നേടിയെങ്കിലും ജെമീമയെ(11) പുറത്താക്കി ജെസ്സ് ജോന്നാസെന്‍ തന്റെ രണ്ടാമത്തെ വിക്കറ്റ് നേടി.

Australiawomenindia

അതേ ഓവറിൽ തന്നെ ദീപ്തി ശര്‍മ്മയെയും പുറത്താക്കി ജെസ്സ് ജോന്നാസെന്‍ തന്റെ മൂന്നാമത്തെ വിക്കറ്റും നേടി.  ഒരു ഘട്ടത്തിൽ 93/2 എന്ന മികച്ച നിലയിലായിരുന്ന ഇന്ത്യ പൊടുന്നനെ 117/5 എന്ന നിലയിൽ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് എഡ്ജ്ബാസ്റ്റണിൽ കണ്ടത്. ഹര്‍ലീന്‍ ഡിയോളിനെയും വീഴ്ത്തി ജെസ്സ് തന്റെ നാലാം വിക്കറ്റ് നേടിയപ്പോള്‍ താരം വെറും 22 റൺസാണ് തന്റെ സ്പെല്ലിൽ വിട്ട് നൽകിയത്.  ഇതിൽ അവസാന ഓവറിലാണ് 11 റൺസ് പിറന്നത്.

ഹര്‍മ്മന്‍പ്രീത് കൗര്‍ തന്റെ അര്‍ദ്ധ ശതകം 31 പന്തിൽ തികച്ചപ്പോള്‍ ഇന്ത്യ തങ്ങളുടെ 150 റൺസും കടക്കുകയായിരുന്നു. മറ്റു താരങ്ങളിൽ നിന്ന് വലിയ പിന്തുണ ലഭിച്ചില്ലെങ്കിലും ഇന്ത്യയെ വലിയ തകര്‍ച്ചയിൽ നിന്ന് കരകയറ്റിയത് കൗറിന്റെ ഈ ഇന്നിംഗ്സായിരുന്നു.

താരം 34 പന്തിൽ 52 റൺസാണ് നേടിയത്. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്.