ഹാര്‍ദ്ദിക്കിന്റെ ഓള്‍റൗണ്ട് മികവിനൊപ്പം തിളങ്ങി മില്ലറും ഗില്ലും, ഗുജറാത്ത് ടൈറ്റന്‍സിന് അരങ്ങേറ്റ സീസണിൽ തന്നെ കിരീടം

Hardikpandyagujarattitans

ഐപിഎൽ 2022 കിരീട ജേതാക്കളായി ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ്. ബൗളിംഗിലെ പോലെ ബാറ്റിംഗിലും ഹാര്‍ദ്ദിക് കസറിയപ്പോള്‍ 131 റൺസെന്ന വിജയ ലക്ഷ്യം 18.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് മറികടന്നത്. ബാറ്റിംഗ് തിളങ്ങിയില്ലെങ്കിലും രാജസ്ഥാന്‍ ബൗളര്‍മാര്‍ അവസാനം വരെ പൊരുതി നോക്കുമെന്ന പ്രതീതി നൽകിയെങ്കിലും മില്ലര്‍ ക്രീസിലെത്തിയ ശേഷം കാര്യങ്ങള്‍ ഗുജറാത്തിന് അനുകൂലമായി മാറി മറിയുകയായിരുന്നു.

ആദ്യ ഓവറിൽ തന്നെ ശുഭ്മന്‍ ഗിൽ നൽകിയ അവസരം യൂസുവേന്ദ്ര ചഹാൽ കൈവിട്ടപ്പോള്‍ സാഹയെയും വെയിഡിനെയും യഥാക്രമം പുറത്താക്കി പ്രസിദ്ധ് കൃഷ്ണയും ട്രെന്റ് ബോള്‍ട്ടും സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. പവര്‍പ്ലേയ്ക്കുള്ളിൽ ഗുജറാത്തിനെ വരുതിയിൽ നിര്‍ത്തുവാന്‍ രാജസ്ഥാന് സാധിച്ചുവെങ്കിലും പിന്നീട് ശുഭ്മന്‍ ഗില്ലും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്ന് നിലയുറപ്പിച്ചാണ് ഗുജറാത്തിനെ മുന്നോട്ട് നയിച്ചത്.

53 പന്തിൽ 63 റൺസ് നേടിയ ഈ കൂട്ടുകെട്ടിനെ 14ാം ഓവറിലെ രണ്ടാം പന്തിൽ ചഹാല്‍ തകര്‍ക്കുമ്പോള്‍ 45 റൺസ് കൂടി മാത്രമേ ഗുജറാത്തിന് വേണ്ടിയിരുന്നുള്ളു. 34 റൺസാണ് ഹാര്‍ദ്ദിക് നേടിയത്. ഡേവിഡ് മില്ലര്‍ ക്രീസിലെത്തിയതോടെ ഗുജറാത്തിന് വേഗത്തിൽ റൺസ് നേടുവാന്‍ സാധിക്കുകയായിരുന്നു.

ഗിൽ 45 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ഡേവിഡ് മില്ലര്‍ 19 പന്തിൽ 32 റൺസ് നേടി വിജയികള്‍ക്കായി തിളങ്ങി. ഗില്ലും മില്ലറും ചേര്‍ന്ന് 47 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇന്ന് നാലാം വിക്കറ്റിൽ നേടിയത്.