മാഞ്ചസ്റ്റർ സിറ്റി കളിയുടെ തുടക്കത്തിൽ പിറകിൽ പോകുന്നതും അനായാസം തിരിച്ചുവന്നു വിജയങ്ങൾ സ്വന്തമാക്കുന്നതും പതിവാണ്. ഇന്നും അങ്ങനെ ഒരു തിരിച്ചുവരവാണ് ഇത്തിഹാദ് സ്റ്റേഡിയത്തിൽ കാണാൻ ആയത്. ക്രിസ്റ്റൽ പാലസിനെതിരെ രണ്ട് ഗോളുകൾക്ക് പിറകിൽ പോയ മാഞ്ചസ്റ്റർ സിറ്റി 4-2ന്റെ വിജയം ഇന്ന് സ്വന്തമാക്കി. ഹാട്രിക്ക് ഗോളുകളുമായി ഹാളണ്ട് സിറ്റിയുടെ ഹീറോയുമായി.
ഇന്ന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് അപ്രതീക്ഷ തുടക്കം ആയിരുന്നു. നാലാം മിനുട്ടിൽ ഒരു സെറ്റ് പീസിൽ നിന്ന് അവർ ഒരു ഗോൾ വഴങ്ങി. സ്റ്റോൺസിന്റെ ഒരു സെൽഫ് ഗോൾ ആണ് പാലസിന് അനുകൂലമായത്. ഇരുപതാം മിനുട്ടിൽ മറ്റൊരു സെറ്റ് പീസ് കൂടെ സിറ്റി ഡിഫൻസിനെ സമ്മർദ്ദത്തിലാക്കി. ഇത്തവണ എസെയുടെ ക്രോസിൽ ആൻഡേഴ്സന്റെ ഹെഡർ. സിറ്റിയുടെ ഗ്രൗണ്ടിൽ 2 ഗോളുകൾക്ക് പാലസ് മുന്നിൽ.
കഴിഞ്ഞ ആഴ്ച ന്യൂകാസിലിനെതിരെ പിറകിൽ പോയ ശേഷം തിരിച്ചടിച്ച ഓർമ്മയുള്ള സിറ്റി ഇന്ന് ക്ഷമയോടെ കളിയിലേക്ക് തിരികെ വരാൻ ശ്രമിച്ചു. രണ്ടാം പകുതിയിലാണ് അവർ ആഗ്രഹിച്ച ആദ്യ ഗോൾ വന്നത്. 53ആം മിനുട്ടിൽ ബെർണാഡോ സിൽവയുടെ ഗോൾ. സ്കോർ 1-2.
62ആം മിനുട്ടിൽ ഹാളണ്ട് അവതരിച്ചു. ഫോഡന്റെ പാസിൽ നിന്ന് ഇരു ഹെഡറിലൂടെ സിറ്റിയുടെ സമനില ഗോൾ വന്നു. അധികം താമസിയാതെ ഹാളണ്ടിന്റെ രണ്ടാം ഗോളും വന്നു. 70ആം മിനുട്ടിൽ ആയിരുന്നു ഒരു സിറ്ററിലൂടെ താരം സിറ്റിയെ മുന്നിൽ എത്തിച്ചത്. ലീഗിലെ ഹാളണ്ടിന്റെ അഞ്ചാം ഗോൾ. സ്കോർ 3-2. പിന്നെ സിറ്റിക്ക് കാര്യങ്ങൾ എളുപ്പമായിരുന്നു. 81ആം മിനുട്ടിൽ ഹാളണ്ടിന്റെ ഹാട്രിക്ക് ഗോൾ കൂടെ വന്നതോടെസൊറ്റി വിജയം പൂർത്തിയായി.
ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് ലീഗിൽ നാലു മത്സരങ്ങളിൽ നിന്ന് 10 പോയിന്റായി. അവരാണ് ഇപ്പോൾ ലീഗിൽ ഒന്നാമത് ഉള്ളത്.