ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരു വലിയ പോരാട്ടമാണ് നടക്കുന്നത്. പ്രീമിയർ ലീഗിലെ വമ്പന്മാരായ ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും നേർക്കുനേർ. രണ്ട് ടീമുകളും ഇന്ന് സ്റ്റാംഫോബ്രിഡ്ജിൽ വെച്ചാണ് ഏറ്റുമുട്ടുന്നത്. ഇരു ടീമുകളും പുതിയ പരിശീലകർക്ക് കീഴിൽ പച്ചപിടിച്ച് വരുന്നതിന്റെ പാതയിലാണ്. അതുകൊണ്ട് തന്നെ ഈ മത്സരം ഏറെ പ്രാധാന്യമുള്ള മത്സരവുമായിരിക്കും.
മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ ഏറ്റ വലിയ പരാജയം മാറ്റി നിർത്തിയാൽ ടെൻ ഹാഗിന്റെ കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറെ മെച്ചപ്പെട്ടു. കഴിഞ്ഞ മത്സരത്തിൽ ടോട്ടൻഹാമിനെതിരെ അവർ പുറത്തെടുത്ത പ്രകടനം യുണൈറ്റഡിന്റെ ടെൻ ഹാഗിന് കീഴിലെ ഏറ്റവും നല്ല പ്രകടനമായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിലക്കി കൊണ്ട് താ ആണ് ക്ലബിന്റെ തലപ്പത്ത് എന്ന് ഓർമ്മിപ്പിക്കാനും ടെൻ ഹാഗിനായിട്ടുണ്ട്.
ചെൽസിയിലും കാര്യങ്ങൾ ശുഭകരമാണ്. കഴിഞ്ഞ മത്സരത്തിൽ ബ്രെന്റ്ഫോർഡിനെതിരെ സമനില വഴങ്ങി എങ്കിലും അവസാന ഏഴു മത്സരങ്ങളിൽ ചെൽസി അപരാജിതരാണ്. മോശം തുടക്കം ആയിട്ടും അവർ ഇപ്പോൾ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനും മുകളിലാണ്. ഇന്ന് വിജയിച്ച് യുണൈറ്റഡുമായുള്ള പോയിന്റ് വ്യത്യാസം വർധിപ്പിക്കുക ആകും പോട്ടറിന്റെ ലക്ഷ്യം.
ഇന്ന് രാത്രി 10 മണിക്ക് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും തത്സമയം കാണാം.