ഐ ലീഗിൽ ഇന്ന് ഗോകുലത്തിന് നിർണായക പോരാട്ടമാണ്. ഇന്ന് കോഴിക്കോട് ഗോകുലത്തിന്റെ എതിരാളികൾ മികച്ച ഫോമിലുള്ള റിയൽ കാശ്മീർ ആണ്. ഹോം ഗ്രൗണ്ടിൽ ഇനി കുറച്ച് മത്സരങ്ങൾ മാത്രമെ ബാക്കിയുള്ളൂ എന്നതുകൊണ്ട് തന്നെ ഗോകുലത്തിന് ജയം നിർബന്ധമാണ്. അവസാന രണ്ടു മത്സരങ്ങളിൽ വിജയമില്ലാത്തത് കൊണ്ട് ഗോകുലം ഏഴാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയിട്ടുണ്ട് ഇപ്പോൾ. തിരിച്ച് ആദ്യ നാലിൽ എങ്കിലും എത്തുകയാകും ഇപ്പോൾ ഗോകുലം കേരള എഫ് സിയുടെ ലക്ഷ്യം.
ഇന്നലെ റിയൽ കാശ്മീർ ടീമുമായി ഉണ്ടായ പ്രശ്നങ്ങളും വിവാദങ്ങളും മത്സരത്തിന് ഇപ്പോഴേ ആവേശം വിതറിയിട്ടുണ്ട്. കാശ്മീർ ടീം ട്രെയിനിങ്ങിനായി ഗ്രൗണ്ടിൽ അതിക്രമിച്ച് കയറിയതായിരുന്നു പ്രശ്നം. എന്നാൽ ആ പ്രശ്നങ്ങൾ ഒന്നും വിഷയമല്ല എന്നും ഫുട്ബോൾ മാത്രമാണ് കളത്തിലെ കാര്യമെന്നും ഗോകുലം കേരള എഫ് സി പരിശീലകൻ ബിനോ ജോർജ്ജ് പറഞ്ഞിട്ടുണ്ട്.
ഈസ്റ്റ് ബംഗാളിനെതിരെ ഇറങ്ങിയ ടീമിൽ നിന്ന് കാര്യമായ മാറ്റങ്ങൾ ബിനോ ഇന്ന് വരുത്തിയേക്കും. പുതിയ വിദേശ സൈനിങ് ആയ ജോയൽ സണ്ടെ ബെഞ്ചിൽ സ്ഥാനം പിടിക്കും. മധ്യനിരയിൽ റാഷിദ് തിരിച്ചെത്തുകയും ചെയ്യും. സബായുടെ ഫോമും ഗോകുലത്തിന്റെ ഇന്നത്തെ പ്രകടനത്തിൽ നിർണായകമാകും.
മറുവശത്ത് റിയൽ കാശ്മീർ മികച്ച ഫോമിലാണ് ഉള്ളത്. ഐലീഗിലെ തുടക്കക്കാരാണെന്ന സഭാകമ്പം ഒന്നും കാശ്മീർ ടീമിനില്ല. അവസാന മൂന്ന് മത്സരങ്ങളും ജയിച്ചാണ് റിയൽ കാശ്മീർ വരുന്നത്. അവസാന മത്സരത്തിൽ മാത്രം ആറു ഗോളുകൾ അടിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ലീഗിൽ മൂന്നാം സ്ഥാനത്താണ് റിയൽ കാശ്മീർ ഉള്ളത്.
ഇന്ന് വൈകിട്ട് 5 മണിക്കാകും മത്സരം നടക്കുക.