തുടക്കം ഗംഭീരം, മോഹൻ ബഗാനെ തളച്ച് കൊണ്ട് ഗോകുലം കേരള എഫ് സി!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ ഫുട്ബോളിലെ ശക്തരിൽ ഒന്നായ മോഹൻ ബഗാൻ വീണ്ടും ഗോകുലത്തിന് മുന്നിൽ പതറിയിരിക്കുകയാണ്. തുടർച്ചയായ മൂന്നാം തവണയും ഗോകുലത്തിനെതിരെ ജയിക്കാൻ കഴിയാതെ കളി അവസാനിപ്പിക്കേണ്ടി വന്നു മോഹൻ ബഗാന്. ഇന്ന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന സീസണിലെ ആദ്യ മത്സരത്തിൽ ഗോകുലം മോഹൻ ബഗാനെ 1-1 എന്ന സമനിലയിലാണ് തളച്ചത്.

തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ഗോകുലത്തിന് രണ്ടാം പകുതിയിലെ തകർപ്പൻ പ്രകടനമാണ് സമനില നേടിക്കൊടുത്തത്. കളി ഗോകുലം ആണ് മികച്ച രീതിയിൽ തുടങ്ങിയത്. മൂന്നാം മിനുട്ടിൽ തന്നെ ഒരു ഓപൺ ചാൻസ് ഗോകുലത്തിന് കിട്ടിയിരുന്നു. പക്ഷെ ക്യാപ്റ്റൻ മുഡെ മൂസയുടെ ഷോട്ട് ഗോൾ ലൈനിൽ നിന്ന് ക്ലിയർ ചെയ്യപ്പെട്ടു. പക്ഷെ ആ തുടക്കത്തിലെ താളം പെട്ടെന്ന് തന്നെ ഗോകുലത്തിന് നഷ്ടപ്പെട്ടു.

പത്ത് മിനുട്ടിന് ശേഷം കളി പൂർണ്ണമായും മോഹൻ ബഗാന്റെ നിയന്ത്രിണത്തിലായിരുന്നു ആദ്യ പകുതിയിൽ. രണ്ട് തവണ ഗോൾപോസ്റ്റും ഒരു തവണ ഗോൾ ലൈൻ ക്ലിയറൻസും ഗോകുലത്തെ രക്ഷിച്ചു. പക്ഷെ ആ ഭാഗ്യം കുറെ നീണ്ടു നിന്നില്ല. നാപ്പതാം മിനുട്ടിൽ ഹെൻറി കിസേക ഒരു ഹെഡറിലൂടെ ബഗാന് ലീഡ് നേടിക്കൊടുത്തു. മുൻ ഗോകുലം താരമായ കിസേക ഗോൾ നേടിയത് ആഘോഷിക്കാതെ ഗോകുലത്തിനോടുള്ള ബഹുമാനം പ്രകടിപ്പിച്ചു.

രണ്ടാം പകുതിയിലാണ് ഗോകുലം കളിയിലേക്ക് വന്നത്. മുൻ റെയിൽവേ താരം രാജേഷിന്റെ സബ്സ്റ്റിട്യൂഷനാണ് കളി മാറ്റിയത്. രാജേഷ് വന്നതോടെ ഗോകുലം അറ്റാക്കിൽ മികച്ച ലിങ്ക് അപ്പുകൾ ഉണ്ടായി. അവസരങ്ങൾ സൃഷ്ടിക്കുകയും കളി ഗോകുലത്തിന്റെ നിയന്ത്രിണത്തിലേക്ക് പൂർണ്ണമായു വരുകയും ചെയ്തു‌. 71ആം മിനുട്ടിൽ രാജേഷിന്റെ സാന്നിദ്ധ്യം തന്നെയാണ് ഗോകുലത്തിന്റെ സമനില ഗോളിൽ കലാശിച്ചത്. രാജേഷിൽ നിന്ന് ബോൾ അകറ്റാനുള്ള ബഗാൻ ഡിഫൻസിന്റെ ശ്രമത്തിനിടെ സ്വന്തം പോസ്റ്റിൽ തന്നെ പന്ത് കയറി.

അതിനു ശേഷം വിജയ ഗോളിനായി നിരവധി അവസരങ്ങൾ ഗോകുലം സൃഷ്ടിച്ചു. പക്ഷെ ബഗാന്റെ ഡിഫൻസ് അവർക്ക് കൊടുക്കാൻ ഉള്ളതെല്ലാം കൊടുത്ത് സമനില കാത്തു. ഇതിനിടയിൽ രാജേഷിന്റെ ഒരു ഗംഭീര ശ്രമം ബഗാൻ ഗോൾകീപ്പറുടെ കൈയിൽ ഗോൾ പോസ്റ്റിലും തട്ടി പുറത്തു പോവുകയും ചെയ്തിരുന്നു. രണ്ടാം പകുതിയിൽ ഗോകുലം നടത്തിയ പ്രകടനം ആരാധകർക്ക് പ്രതീക്ഷ നൽകുന്നതുമാകുന്നു.