കോഴിക്കോടിന്റെ മണ്ണിൽ ഗോകുലം കേരള എഫ് സിക്ക് തുടർച്ചയായ രണ്ടാം വിജയം. ഇന്ന് നിലവിലെ ഐലീഗ് ചാമ്പ്യന്മാരായ മിനേർവ പഞ്ചാബിനെയാണ് ഗോകുലം കേരള എഫ് സി സ്വന്തം തട്ടകത്തിൽ മലർത്തിയടിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഗോകുലത്തിന്റെ വിജയം. ശക്തമായ പോരാട്ടം നടന്ന മത്സരത്തിൽ ഒരു മലയാളി കോമ്പിനേഷനാണ് കേരളത്തിന് വിജയഗോൾ നൽകിയത്.
കളിയുടെ 60ആം മിനുറ്റിൽ രാജേഷ് ആയിരുന്നു നിർണായ ഗോൾ നേടിയത്. ഗോകുലം നടത്തിയ ചടുലമായ നീക്കത്തിന് ഒടുവിൽ യുവതാരം ഗനി നിഗം നൽകിയ ഒരു ഗംഭീര ക്രോസ് ക്ലോസ് റേഞ്ചിൽ നിന്ന് രാജേഷ് വലയിൽ എത്തിക്കുകയായിരുന്നു. രാജേഷിന്റെ ലീഗിലെ രണ്ടാം ഗോളാണിത്. ഗനി നിഗം – രാജേഷ് സഖ്യം തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഒരു ഗോളിന്റെ ഭാഗമാവുന്നത്. ഷില്ലോങ്ങ് ലജോങ്ങിനെതിരെയും ഗനിയുടെ ക്രോസിൽ നിന്ന് രാജേഷ് ഗോൾ നേടിയിരുന്നു.
പൊതുവെ ഡിഫൻസീവ് മത്സരമായിരുന്നു ആ ഗോൾ വരെ ഇരുടീമുകളിൽ നിന്നും കോഴിക്കോട് കണ്ടത്. ആ ഗോളിന് ശേഷം മത്സരം കൂടുതൽ തുറന്ന നിലയിലായി. മിനേർവ കൂടുതൽ അറ്റാക്കിങിലേക്ക് തിരിഞ്ഞപ്പോൾ കൗണ്ടറിലൂടെ അക്രമിക്കാൻ ഗോകുലത്തിനും ആയി. ഒരു കൗണ്ടറിലൂടെ അന്റോണിയോ ജർമ്മൻ ഒരു നല്ല അവസരം സൃഷ്ടിച്ചു കൊടുത്തു എങ്കിലും അത് മുതലാക്കാൻ റാഷിദിനും അഭിഷേക് ദാസിനും കഴിയാത്തതിനാൽ സ്കോർ 1-0 എന്ന നിലയിൽ തന്നെ നിന്നു.
ഇന്നത്തെ ജയം ലീഗിൽ ഗോകുലം കേരള എഫ് സിയെ രണ്ടാം സ്ഥാനത്തേക്ക് എത്തിച്ചു. അഞ്ചു മത്സരങ്ങളിൽ നിന്ന് എട്ടു പോയന്റാണ് ഗോകുലം കേരള എഫ് സിക്ക് ഉള്ളത്. മിനേർവ പഞ്ചാബ് ഏഴാം സ്ഥാനത്താണ് ഉള്ളത്.