യുഫേഫ നേഷൻസ് ലീഗിൽ വീണ്ടുമൊരിക്കൽ കൂടി ജയിക്കാൻ സാധിക്കാതെ ജർമ്മനി. കഴിഞ്ഞ വർഷം തുടങ്ങിയ നേഷൻസ് ലീഗിൽ ഇത് വരെ ഒരു ജയം പോലും കുറിക്കാൻ ജർമ്മൻ ടീമിന് ആയില്ല എന്നത് ആണ് അത്ഭുതം. ഇത്തവണ ആദ്യമത്സരത്തിൽ സ്‌പെയിനിനോട് അവസാന നിമിഷം ഗോൾ വഴങ്ങി സമനില വഴങ്ങിയ അവർ ഇത്തവണയും ആദ്യം ഗോൾ നേടിയ ശേഷമാണ് സമനില വഴങ്ങിയത്. ജർമ്മനിക്ക് എതിരെ മികച്ച പ്രകടനം ആണ് ആദ്യ മത്സരത്തിൽ യുക്രൈനോട് തോൽവി വഴങ്ങിയ സ്വിറ്റ്സർലൻഡ് ടീം നടത്തിയത്. ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ സിറ്റി താരം ഗുണ്ടോഗന്റെ മികച്ച ഒരു ഷോട്ടിലൂടെ പിന്നിൽ പോയെങ്കിലും ആതിഥേയർ പതറിയില്ല.
പതിനാലാമത്തെ മിനിറ്റിൽ പിന്നിൽ പോയ സ്വിസ് ടീം ഗോൾ തിരിച്ച് അടിക്കാൻ മികച്ച ശ്രമങ്ങൾ തുറന്നു. എന്നാൽ മുന്നേറ്റത്തിലെ പാളിച്ചകൾ അവർക്ക് വിനയായി. രണ്ടാം പകുതിയിൽ കൂടുതൽ ഉണർന്നു കളിച്ച അവർ 57 മത്തെ മിനിറ്റിൽ വിഡ്മെറിലൂടെ സമനില ഗോൾ കണ്ടത്തുക ആയിരുന്നു. മധ്യനിരയിൽ ഗ്രാനിറ്റ് ശാക്ക മുന്നേറ്റത്തിൽ എമ്പോള എന്നിവർ മികച്ച പ്രകടനം ആണ് സ്വിസ് ടീമിനായി കാഴ്ച വച്ചത്. ഒരിക്കൽ കൂടി പല പ്രമുഖ താരങ്ങളെയും പുറത്ത് ഇരുത്തി ജയിക്കാൻ സാധിക്കാത്തത് ജോക്വിം ലോക്ക് മേൽ ജർമ്മനിയിൽ വിമർശനം ഉയരാൻ കാരണം ആവും എന്നുറപ്പാണ്.