യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി അലക്‌സാണ്ടർ സെരവ്

- Advertisement -

യു.എസ് ഓപ്പണിൽ നാലാം റൗണ്ടിൽ അനായാസ ജയവുമായി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ജർമ്മൻ താരം അലക്‌സാണ്ടർ സെരവ്. സീഡ് ചെയ്യാത്ത സ്പാനിഷ് താരം അലഹാൻഡ്രോ ഫോകിനയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് അഞ്ചാം നമ്പർ സീഡ് മറികടന്നത്. എന്നും പ്രശ്നം ആവുന്ന കഴിഞ്ഞ മത്സരത്തിൽ 11 പ്രാവശ്യം അടിച്ച സർവീസ് ഇരട്ടപ്പിഴവുകൾ ഇത്തവണ രണ്ടു തവണ മാത്രം ആണ് ‘സാഷ’ വരുത്തിയത്.

അതേസമയം 15 ഏസുകൾ ഉതിർത്ത ജർമ്മൻ താരം 3 സെറ്റുകളിൽ ആയി 8 തവണ ആണ് എതിരാളിയെ ബ്രൈക്ക് ചെയ്തത്. ആദ്യ സെറ്റ് 6-2 നു ജയിച്ച സെരവ് രണ്ടാം സെറ്റും സമാനമായ സ്കോറിന് തന്നെ സ്വന്തമാക്കി മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. മൂന്നാം സെറ്റിൽ ഒരു ഗെയിം മാത്രം എതിരാളിക്ക് നൽകി കൂടുതൽ മികവിലേക്ക് ഉയർന്ന സെരവ് 6-1 നു മൂന്നാം സെറ്റും മത്സരവും ജയിച്ച് യു.എസ് ഓപ്പൺ അവസാന എട്ടിലേക്ക് മാർച്ച് ചെയ്തു.

Advertisement