നാലു ഫൈനലുകൾ നാലു പരാജയം, മെസ്സിയുടെ കാത്തിരിപ്പ് മരക്കാനയിൽ അവസാനിക്കുമോ?

Img 20210614 013244
Credit: Twitter

ലയണൽ മെസ്സി എന്ന ഇതിഹാസത്തിന് താരത്തിന് താൻ ആണ് ലോകത്തെ ഏറ്റവും മികച്ച താരം എന്ന് ഇനി ആരെയും തെളിയിക്കേണ്ട കാര്യമില്ല. അത്രയ്ക്ക് മികച്ച കരിയർ മെസ്സിയുടെ ടാലന്റിന് തെളിവായി ലോകത്തിന് മുന്നിൽ ഉണ്ട്. എന്നാലും അർജന്റീനയ്ക്ക് ഒപ്പം ഒരു കിരീടം എന്നത് മെസ്സിയുടെ ആവശ്യമാണ്. രാജ്യത്തിന് ഒപ്പം ഒരു കിരീടം ഇല്ല എന്നത് എന്നും മെസ്സിയെ അലട്ടിയിട്ടുണ്ട്.

മരക്കാനയിൽ കോപ അമേരിക്കയിൽ ബ്രസീലിനെ നേരിടുമ്പോൾ കിരീടം തന്നെയാകും മെസ്സി ലക്ഷ്യമിടുന്നത്. ഇതിനു മുമ്പ് നാലു തവണ മെസ്സി അർജന്റീനക്ക് ഒപ്പം മേജർ ഫൈനലിൽ പങ്കെടുത്തിട്ടുണ്ട്. 2007ലെ കോപ അമേരിക്ക ഫൈനൽ ആയിരുന്നു മെസ്സിയുടെ ആദ്യത്തെ ഫൈനൽ. അന്ന് ബ്രസീലിനോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് അർജന്റീന പരാജയപ്പെട്ടു.

2014ലെ വേദനിപ്പിക്കുന്ന ലോകകപ്പ് ഫൈനൽ ആയിരുന്ന്യ് മെസ്സിയുടെ രണ്ടാമത്തെ ഫൈനൽ. അന്ന് ഗോട്സെയുടെ ഏക ഗോൾ മെസ്സിയിൽ നിന്നും അർജന്റീനയിൽ നിന്നും കിരീടം തട്ടിയെടുത്തു. പിന്നീട് 2015ലും 2016ലും ചിലിക്കു മുന്നിൽ കോപ അമേരിക്ക ഫൈനലുകളിലും അർജന്റീനയും മെസ്സിയും പരാജയപ്പെട്ടു. ചിലിക്ക് എതിരായ പെനാൾട്ടി മിസ്സും മെസ്സിക്ക് മറക്കാനാകില്ല. ഈ നാലു ഫൈനലിലും മെസ്സി ഒരു ഗോൾ പോലും നേടിയില്ല എന്നതും കൗതുകകരമാണ്.

മെസ്സിയുടെ ക്ലബിനായുള്ള പ്രകടനം ഇതിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. ബാഴ്സലോണക്ക് ഒപ്പം 17 ഫൈനലുകൾ കളിച്ച മെസ്സി ആകെ‌ 3 ഫൈനലിൽ മാത്രമേ മെസ്സി പരാജയപ്പെട്ടിട്ടുള്ളൂ. 34കാരനായ മെസ്സിക്ക് ഈ ഫൈനൽ പരാജയപ്പെട്ടാൽ രാജ്യത്തിനൊപ്പം ഒരു കിരീടം നേടാൻ അധികം അവസരം ബാക്കിയുണ്ടാകില്ല.

Previous articleരണ്ടാം സെഷനിൽ മൂന്ന് വിക്കറ്റ് നഷ്ടം, സിംബാബ്‍വേ പ്രതിരോധത്തിൽ
Next articleതനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ദുഖമുണ്ടാക്കി – ജസ്റ്റിന്‍ ലാംഗര്‍