സ്വപ്ന ഫൈനലിന് മണിക്കൂറുകൾ മാത്രം, കിരീടം ആർക്ക്?

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലോക ഫുട്ബോളിലെ ഏറ്റവും വലിയ ക്ലാസിക് പോരാട്ടമാണ് കോപ അമേരിക്കയിൽ നാളെ പുലർച്ചെ നടക്കുന്നത്. ബ്രസീലും അർജന്റീനയും നേർക്കുനേർ. ഇതിഹാസങ്ങൾ ഏറെ പറയാനുള്ള മരക്കാന സ്റ്റേഡിയത്തിൽ ഇരു ടീമുകളും നേർക്കുനേർ വരുമ്പോൾ ആവേശകരമായ പോരാട്ടം തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. നിലവിലെ കോപ അമേരിക്ക ചാമ്പ്യന്മാരായ ബ്രസീൽ ആയിരുന്നു ഈ ടൂർണമെന്റ് ആരംഭിക്കുമ്പോൾ മുതൽ ഫേവറിറ്റുകൾ. അതിനൊത്ത പ്രകടനമാണ് ഇതുവരെ ബ്രസീൽ കാഴ്ചവെച്ചതും. കാര്യമായ വെല്ലുവിളികൾ ഒന്നും ബ്രസീൽ നേരിടേണ്ടി വന്നില്ല.

ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളും വിജയിച്ച് തുടങ്ങിയ ബ്രസീൽ ഇക്വഡോറിന് എതിരായ സമനിലയുമായാണ് ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചത്. ക്വാർട്ടറിൽ ചിലിയെയും സെമി ഫൈനലിൽ പെറുവിനെയും ബ്രസീൽ പരാജയപ്പെടുത്തി.

അർജന്റീനയും നല്ല രീതിയിലാണ് ഈ ടൂർണമെന്റ് ഇതുവരെ കളിച്ചത്. സമനിലയോടെ ടൂർണമെന്റ് ആരംഭിച്ച അർജന്റീന പിന്നീട് ഒരോ മത്സരം കഴിയും തോറും മെച്ചപ്പെട്ടു. ബൊളീവിയക്ക് എതിരായ വലിയ വിജയത്തോടെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ച അർജന്റീന ക്വാർട്ടർ ഫൈനലിൽ ഇക്വഡോറിനെയും തകർത്തു. സെമിയിൽ കൊളംബിയ ഉയർത്തിയ വെല്ലുവിളി പെനാൾട്ടി ഷൂട്ടൗട്ടിലൂടെയാണ് അർജന്റീന മറികടന്നത്.

ഗംഭീര ഫോമിൽ ഉള്ള മെസ്സി തന്നെയാണ് അർജന്റീനയുടെ ശക്തി. നാലു ഗോളുകളും അഞ്ച് അസിസ്റ്റും മെസ്സി ഇതുവരെ ടൂർണമെന്റിൽ നേടി. അർജന്റീനയ്ക്ക് ഒപ്പം ഒരു കിരീടമെന്ന മെസ്സിയുടെ സ്വപ്നത്തിലേക്ക് എത്താൻ താരം എല്ലാം രാജ്യത്തിനായി സമർപ്പിക്കുന്നുണ്ട്. അവസാന മൂന്ന് കളികളിലും ഗോൾ നേടുയ ലൗട്ടാരോ മാർട്ടിനെസും സെമിയിലെ ഹീറോ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസും അർജന്റീനയുടെ പ്രതീക്ഷയാകുന്നു.

ബ്രസീൽ ഇന്ന് സസ്പെൻഷനിൽ ഉള്ള ജീസുസ് ഇല്ലാതെയാകും ഇറങ്ങുക. അവസാന രണ്ടു മത്സരങ്ങളിലും ഗോൾ നേടിയ ലുകസ് പക്വേറ്റ മികച്ച ഫോമിലാണ്. പിന്നെ നെയ്മർ എന്ന അസാമാന്യ പ്രതിഭയും ബ്രസീലിനൊപ്പം ഉണ്ട്. പത്താം കോപ അമേരിക്ക കിരീടം ഉയർത്തുക ആകും ബ്രസീലിന്റെ ലക്ഷ്യം. പതിനഞ്ചാം കിരീടമാകും അർജന്റീനയുടെ ലക്ഷ്യം. ബ്രസീലും അർജന്റീനയും തമ്മിലുള്ള 108ആമത്തെ മത്സരമാകും ഇത്. നാളെ പുലർച്ചെ 5.30ന് നടക്കുന്ന മത്സരം തത്സമയം സോണി നെറ്റ്വർക്കിൽ കാണാം.