ഖത്തർ ലോകകപ്പിലെ ഗ്രൂപ്പുകളും മത്സരങ്ങളും തീരുമാനമായി. ഇന്ന് നടന്ന നറുക്കെടുപ്പിൽ ഉരുത്തിരിഞ്ഞ ഗ്രൂപ്പുകൾ ഫുട്ബോൾ ആരാധകർക്ക് ഏറെ ആവേശം നൽകുന്നത് ആണ്. ഗ്രൂപ്പ് ഇ, ഗ്രൂപ്പ് എഫ്, ഗ്രൂപ്പ് എച് എന്നീ ഗ്രൂപ്പുകളിലെ പോരാട്ടം ആകും ഏറ്റവും ആവേശകരം.
ആതിഥേയരായ ഖത്തർ ഗ്രൂപ്പ് എയിലാണ്. ഖത്തറിനൊപ്പം നെതർലന്റ്സ്, സെനഗൽ, ഇക്വഡോർ എന്നിവരാണ് ഉള്ളത്. ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ട് കളിക്കും ഒപ്പം അമേരിക്ക, ഇറാൻ, ഒപ്പം യൂറോപ്യൻ പ്ലേ ഓഫ് വിന്നറും ഉണ്ടാകും.
ഗ്രൂപ്പ് സിയിൽ മെസ്സിയുടെ അർജന്റീനക്ക് ഒപ്പം മെക്സിക്കോ, പോളണ്ട്, സൗദി അറേബ്യ എന്നീ ടീമുകളും ഉണ്ട്.
നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് ഗ്രൂപ്പ് ഡിയിൽ ആണ്. ഫ്രാൻസിനൊപ്പം ഡെന്മാർക്ക്, ടുണീഷ്യ എന്നീ ടീമുകളും ഒപ്പം ഇന്റർ കോണ്ടിനന്റൽ പ്ലേ ഓഫ് ജയിച്ചു വരുന്ന ഒരു ടീമും ഉണ്ടാകും. ഓസ്‌ട്രേലിയ, യു.എ.ഇ, പെറു ടീമുകളിൽ ഒന്നു ആവും ഇത്.
സ്പെയിൻ ഗ്രൂപ്പ് ഇയിൽ ആണ്. ഈ ഗ്രൂപ്പ് ഒട്ടും എളുപ്പമുള്ള ഗ്രൂപ്പ് ആയിരിക്കില്ല. ജർമ്മനിയും ഈ ഗ്രൂപ്പിൽ ആണ് ഉള്ളത്. ഏഷ്യലിലെ കരുത്തരായ ജപ്പാനും ഒപ്പൽ ഇന്റർ കോണ്ടിനന്റൽ പ്ലേ ഓഫ് ജയിക്കുന്ന ഒരു ടീമും ഉണ്ടാകും. കോസ്റ്ററിക്ക, ന്യൂസിലാന്റ് മത്സര വിജയി ആവും ഇത്.
കഴിഞ്ഞ ലോകകപ്പിൽ സെമി വരെ എത്തിയ ബെൽജിയം ഗ്രൂപ്പ് എഫിലാണ്. കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യയും ഗ്രൂപ്പ് എഫിൽ ഉണ്ട്. ആഫ്രിക്കൻ ശക്തികളായ മൊറോക്കോയും ഈ ഗ്രൂപ്പിൽ ഉണ്ട്. ഒപ്പം നീണ്ട കാലത്തിനു ശേഷം ലോകകപ്പിന് എത്തിയ കാനഡയും ഉണ്ടാകും.
ഏറ്റവും കൂടുതൽ ലോകകപ്പ് നേടിയ ബ്രസീൽ ഗ്രൂപ്പ് ജിയിലാണ്. ബ്രസീലിനൊപ്പം സ്വിറ്റ്സർലാന്റ്, സെർബിയ, കാമറൂൺ എന്നിവരും ഉണ്ട്.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ഗ്രൂപ്പ് എച്ചിൽ കളിക്കും. പോർച്ചുഗലിന് ഒപ്പം ഉറുഗ്വേ ഗ്രൂപ്പിൽ ഉണ്ട്. കൊറിയയും ഘാനയും ഉണ്ട്.
ഈ വർഷം നവംബറിലും ഡിസംബറിലുമായാണ് ഖത്തർ ലോകകപ്പ് നടക്കുന്നത്. നവംബർ 21ന് ആരംഭിക്കുന്ന ടൂർണമെന്റ് ഡിസംബർ 18വരെ നീണ്ടു നിൽക്കും. ഖത്തർ ആതിഥ്യം വഹിക്കുന്നത് കൊണ്ട് തന്നെ നിരവധി മലയാളി ഫുട്ബോൾ ആരാധകർക്ക് പങ്കെടുക്കാൻ ആകുന്ന ഫുട്ബോൾ ലോകകപ്പ് കൂടിയാകും ഇത്.
ഗ്രൂപ്പ് എ; ഖത്തർ, നെതർലന്റ്സ്, സെനഗൽ, ഇക്വഡോർ,
ഗ്രൂപ്പ് ബി; ഇംഗ്ലണ്ട്, അമേരിക്ക, ഇറാൻ, പ്ലേ ഓഫ് വിന്നർ
ഗ്രൂപ്പ് സി; അർജന്റീന, മെക്സിക്കോ, പോളണ്ട്, സൗദി അറേബ്യ
ഗ്രൂപ്പ് ഡി; ഫ്രാൻസ്, ഡെന്മാർക്ക്, ടുണീഷ്യ, പ്ലേ ഓഫ് വിന്നർ 1
ഗ്രൂപ്പ് ഇ; സ്പെയിൻ, ജർമ്മനി, ജപ്പാൻ, പ്ലേ ഓഫ് വിന്നർ
ഗ്രൂപ്പ് എഫ്; ബെൽജിയം, ക്രൊയേഷ്യ, മൊറോക്കോ, കാനഡ
ഗ്രൂപ്പ് ജി; ബ്രസീൽ, സ്വിറ്റ്സർലാന്റ്, സെർബിയ, കാമറൂൺ
ഗ്രൂപ്പ് എച്; പോർച്ചുഗൽ, ഉറുഗ്വേ, കൊറിയ, ഘാന