യു.എസ് ഓപ്പണിൽ വീണ്ടും ഒരു വമ്പൻ അട്ടിമറി, ഇത്തവണ ആറാം സീഡ് കനേഡിയൻ താരം ഫെലിക്‌സ് ആഗർ അലിയാസമെ രണ്ടാം റൗണ്ടിൽ പുറത്തായി. കരിയറിലെ തന്റെ ഏറ്റവും മികച്ച ജയം സ്വപ്ന പ്രകടനവും ആയി നേടിയ ബ്രിട്ടീഷ് താരം ജാക് ഡ്രേപർ ഫെലിക്‌സിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർക്കുക ആയിരുന്നു. ഓരോ സെറ്റിലും ഫെലിക്‌സിന്റെ ഓരോ സർവീസ് വീതം ബ്രൈക്ക് ചെയ്ത ബ്രിട്ടീഷ് താരം 6-4, 6-4, 6-4 എന്ന സ്കോറിന് ജയം സ്വന്തമാക്കുക ആയിരുന്നു. തന്റെ എല്ലാ നല്ലതും മോശം മുഖവും കാണിച്ച മത്സരത്തിൽ ഫ്രഞ്ച് താരം ബെഞ്ചമിൻ ബോൻസിയെ മൂന്ന് സെറ്റ് പോരാട്ടത്തിൽ മറികടന്നു 23 സീഡ് നിക് കിർഗിയോസ് മൂന്നാം റൗണ്ടിലേക്ക് മുന്നേറി. 7-6, 6-4, 4-6, 6-4 എന്ന സ്കോറിന് ആയിരുന്നു ഓസ്‌ട്രേലിയൻ താരത്തിന്റെ ജയം. മത്സരത്തിൽ 30 ഏസുകൾ ആണ് നിക് ഉതിർത്തത്. പലപ്പോഴും സ്വന്തം ടീമിനോട് രൂക്ഷമായി കയർക്കുന്ന നിക്കിനെ ആണ് മത്സരത്തിൽ കാണാൻ ആയത്.
കിരീടം നിലനിർത്താൻ ഇറങ്ങിയ ഒന്നാം സീഡ് ഡാനിൽ മെദ്വദേവ് ഫ്രഞ്ച് താരം ആർതറെ നേരിട്ടുള്ള സ്കോറിന് തകർത്തു മൂന്നാം റൗണ്ട് ഉറപ്പിച്ചു. 5 തവണ എതിരാളിയുടെ സർവീസ് ബ്രൈക്ക് ചെയ്ത മെദ്വദേവ് 6-2, 7-5, 6-3 എന്ന സ്കോറിന് ആണ് ജയം കണ്ടത്. ഏതാണ്ട് തന്റെ പൂർണ മികവിലേക്ക് മത്സരത്തിൽ മെദ്വദേവ് ഉയർന്നു. ഡച്ച് താരം ടിം വാൻ റിജ്തോവനോട് ആദ്യ സെറ്റ് കൈവിട്ട ശേഷം തിരിച്ചു വന്നു ജയിച്ചു അഞ്ചാം സീഡ് കാസ്പർ റൂഡും മൂന്നാം റൗണ്ടിൽ എത്തി. നന്നായി തുടങ്ങിയ ഡച്ച് താരത്തിന് ഇടക്ക് ഏറ്റ ചെറിയ പരിക്ക് വിനയായി. 6-7, 6-4, 6-4, 6-4 എന്ന സ്കോറിന് റൂഡ് ജയം കണ്ടു. മത്സരത്തിൽ 20 ഏസുകൾ ഉതിർത്ത ഡച്ച് താരത്തിന്റെ സർവീസ് റൂഡ് നാലു തവണ ബ്രൈക്ക് ചെയ്തു. 27 സീഡ് കാരൻ ഖാചനോവ്, 29 സീഡ് ടോമി പോൾ എന്നിവരും യു.എസ് ഓപ്പൺ മൂന്നാം റൗണ്ടിലേക്ക് മുന്നേറി.