ആദ്യ റൗണ്ടിൽ എന്ന പോലെ രണ്ടാം റൗണ്ടിലും ആദ്യ സെറ്റ് വഴങ്ങിയ ശേഷം പിറകിൽ നിന്നു ജയിച്ച് റോജർ ഫെഡറർ. ബോസ്നിയൻ താരം ദാമിയർ ദിമിഹൂറിനെതിരെ ആർതർ ആഷേ കോർട്ടിൽ കളിക്കാൻ ഇറങ്ങുമ്പോൾ യു.എസ് ഓപ്പണിലെ ആദ്യ ഇൻഡോർ മത്സരത്തിന് ആയിരുന്നു ഫെഡറർ ഇറങ്ങിയത്. ആദ്യ സെറ്റിൽ ഫെഡററിന്റെ ആദ്യ രണ്ട് സർവീസുകളും ബ്രൈക്ക് ചെയ്ത ബോസ്നിയൻ താരം 4-0 ത്തിനു മുന്നിൽ എത്തിയപ്പോൾ ഫെഡറർ ആരാധകർ ഞെട്ടി. ആദ്യ സെറ്റിൽ പൊരുതി നോക്കാൻ പിന്നീട് ശ്രമിച്ചെങ്കിലും 17 അൺഫോസ്ഡ് പിഴവുകൾ വരുത്തിയ ഫെഡറർക്ക് 6-3 നു ആദ്യ സെറ്റ് നഷ്ടമായി. രണ്ടാം സെറ്റിൽ പക്ഷെ ആദ്യ സെറ്റിൽ നിന്നു വ്യത്യസ്തമായ ഫെഡററെ കണ്ടപ്പോൾ മിന്നൽ വേഗത്തിൽ ഫെഡറർ മുന്നിലെത്തി. ബോസ്നിയൻ താരത്തിന്റെ ആദ്യ സർവീസ് ബ്രൈക്ക് ചെയ്തു തുടങ്ങിയ ഫെഡറർ നന്നായി സർവീസ് കൂടി ചെയ്തപ്പോൾ 6-2 നു രണ്ടാം സെറ്റ് സ്വിസ് ഇതിഹാസത്തിന് സ്വന്തം.
മൂന്നാം സെറ്റിലും ബോസ്നിയൻ താരത്തിന്റെ സർവീസ് ബ്രൈക്ക് ചെയ്തു തുടങ്ങി ഫെഡറർ. ഫെഡററിന്റെ അതിമനോഹരമായ മികച്ച ഷോട്ടുകളും നീളം റാലികളും കണ്ട മൂന്നാം സെറ്റിൽ ഇടക്ക് പരിക്ക് അലട്ടിയപ്പോൾ ഡോക്ടറുടെ സഹായം തേടി തിമിഹൂർ. ഇടക്ക് ഫെഡററിന്റെ സർവീസ് ബ്രൈക്ക് ചെയ്യാനുള്ള അവസരം ബോസ്നിയൻ താരത്തിന് മുതലാക്കാൻ ആവാതെ വന്നപ്പോൾ മൂന്നാം സെറ്റും ഫെഡറർ സ്വന്തമാക്കി. ഇത്തവണ 6-3 നായിരുന്നു ഫെഡറർ സെറ്റ് നേടിയത്. നാലാം സെറ്റിലും രണ്ടും മൂന്നും സെറ്റിൽ എന്ന പോലെ ബോസ്നിയൻ താരത്തിന്റെ ആദ്യ സർവീസ് ഫെഡറർ ബ്രൈക്ക് ചെയ്തു. ആദ്യമേ നേടിയ മുൻതൂക്കം ഫെഡറർ നാലാം സെറ്റിൽ ഉടനീളം നിലനിർത്തിയപ്പോൾ നാലാം സെറ്റ് 6-4 നു സ്വിസ് താരത്തിന് സ്വന്തം, മത്സരവും. ഏതാണ്ട് രണ്ടര മണിക്കൂർ നീണ്ട മത്സരത്തിൽ മികച്ച പോരാട്ടം തന്നെയാണ് സീഡ് ചെയ്യാത്ത ബോസ്നിയൻ താരത്തിൽ നിന്നു മൂന്നാം സീഡ് ആയ ഫെഡറർ നേരിട്ടത്.