വീനസ് വില്യംസിന്റെ യു.എസ് ഓപ്പൺ പ്രയാണത്തിനു രണ്ടാം റൗണ്ടിൽ അന്ത്യം

അഞ്ചാം സീഡ് ഉക്രൈനിന്റെ എലീന സ്വിവിറ്റോലീനയോട് നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റ് അമേരിക്കൻ ടെന്നീസ് ഇതിഹാസം വീനസ് വില്യംസ്‌ യു.എസ് ഓപ്പണിൽ നിന്നു പുറത്ത്. പലരും ഉക്രൈൻ താരത്തിന് അനായാസമത്സരം പ്രവചിച്ചപ്പോൾ അവരെയൊക്കെ തിരുത്തിയ പ്രകടനം ആണ് വീനസ് വില്യംസിൽ നിന്ന് ഉണ്ടായത്. സമീപകാലത്തെ മോശം ഫോമിൽ നിന്നു കരകയറിയ വീനസ് കനത്ത പോരാട്ടം ആണ് മത്സരത്തിൽ പുറത്തെടുത്തത്. ഏതാണ്ട് രണ്ട് മണിക്കൂർ അടുത്ത് നീണ്ടു നിന്നു ഈ മത്സരം. ആദ്യ സെറ്റിൽ തുടക്കം മുതലെ ആധിപത്യം സ്വിവിറ്റോലീനക്ക് ആയിരുന്നു. എന്നാൽ പൊരുതാൻ ഉറച്ച വീനസ് നല്ല രീതിയിൽ മത്സരത്തിൽ തിരിച്ചു വന്നു.

പലപ്പോഴും നീണ്ട റാലികൾ തുടർച്ചയായി കണ്ടു മത്സരത്തിൽ. എന്നാൽ വീനസിന്റെ വിട്ട് കൊടുക്കാത്ത പോരാട്ടവീര്യം മറികടന്ന സ്വിവിറ്റോലീന ആദ്യ സെറ്റ് 6-4 നു സ്വന്തമാക്കി. രണ്ടാം സെറ്റിൽ സ്വിവിറ്റോലീനയുടെ ആദ്യ സർവീസ് തന്നെ ബ്രൈക്ക് ചെയ്തു തുടങ്ങിയ വീനസിന് നല്ല തുടക്കം ആണ് ലഭിച്ചത്‌. എന്നാൽ ആദ്യത്തെ തിരിച്ചടിക്ക് ശേഷം നന്നായി തിരിച്ചു വന്നു സ്വിവിറ്റോലീന. ഒപ്പം വീനസിന്റെ പിഴവുകൾ കൂടിയായപ്പോൾ രണ്ടാം സെറ്റിൽ സ്വിവിറ്റോലീന മുൻതൂക്കം നേടി. എന്നാൽ അവസാനം വരെ പൊരുതിയ വീനസ് അത്ര എളുപ്പം കീഴടങ്ങാൻ കൂട്ടാക്കിയില്ല. എന്നാൽ സുഹൃത്ത് ഗെയിൽ മോൽഫിസിനെ സാക്ഷിയാക്കി 6-4 നു രണ്ടാം സെറ്റും മത്സരവും കയ്യിലാക്കിയ ഉക്രൈൻ യുവതാരം മൂന്നാം റൗണ്ടിലേക്ക് മുന്നേറി.

Previous articleപിന്നിൽ നിന്ന ശേഷം തിരിച്ചു വന്നു ഫെഡറർ യു.എസ് ഓപ്പൺ മൂന്നാം റൗണ്ടിൽ
Next articleമരുന്നടിക്കുന്ന താരങ്ങൾ ഏറ്റവും കൂടുതൽ ഉള്ള മൂന്നു രാജ്യങ്ങളിൽ ഒന്നു ഇന്ത്യ എന്നു റിപ്പോർട്ടുകൾ