യൂറോ കപ്പിലെ ഫ്രാൻസ് – സ്വിറ്റ്സർലാന്റ് മത്സരം വീണ്ടും നടത്തണമെന്ന ആവശ്യവുമായി ഫ്രെഞ്ച് ആരാധകർ. 240,000ൽ അധികം ആരാധകരാണ് പെറ്റീഷനുമായി രംഗത്തെത്തിയിരിക്കുന്നത്. നിശ്ചിത സമയത്തിലും എക്ട്രാ ടൈമിലും സമനിലയിൽ തുടർന്ന മത്സരം പെനാൽറ്റിയിലായിരുന്നു സ്വിറ്റ്സർലാന്റ് സ്വന്തമാക്കിയത്. അവസാന പെനാൽറ്റി കിക്കെടുത്ത എംബപ്പെക്ക് പിഴച്ചതോടെയാണ് ഫ്രാൻസ് യൂറോ കപ്പിൽ നിന്നും പുറത്തായത്.
എംബപ്പെ കിക്കെടുത്തപ്പോൾ സ്വിസ്സിന്റെ ബൊറുസിയ മോഷൻഗ്ലാഡ്ബാക്ക് ഗോളി യാൻസ് സോമർ ഗോൾ ലൈനിൽ ഉണ്ടായില്ല എന്നാണ് ആരാധകർ പറയുന്നത്. പെനാൽറ്റി എടുക്കുമ്പോൾ ഒരു കാലെങ്കിലും ഗോൾ ലൈനിൽ ഉണ്ടായിരിക്കണം എന്നാണ് യുവേഫയുടെ നിയമം. എംബപ്പെയുടെ പെനാൽറ്റി സേവ് ചെയ്ത സോമർ സ്വിറ്റ്സർലാന്റിനെ ക്വാർട്ടർ ഫൈനലിൽ എത്തിക്കുകയായിരുന്നു. Les Lignes Bougent എന്ന പേജിലൂടെയാണ് ഫ്രഞ്ച് ആരാധകർ പെറ്റീഷൻ സമർപ്പിച്ചിരിക്കുന്നത്. അതേ സമയം റഫറിയും വാർ ഒഫീഷ്യലുകളും എടുത്ത തീരുമാനം അന്തിമമാണെന്നും ആ തീരുമാനത്തെ റെസ്പെക്റ്റ് ചെയ്യണമെന്നുമാണ് യുവേഫയുടെ നിലപാട്.