99 റൺസ് നേടി ഒന്നാം വിക്കറ്റ് കൂട്ടുകെട്ട്, ലക്നൗവിന്റെ ത്രില്ല‍‍‍ർ വിജയം ഉറപ്പാക്കി എവിൻ ലൂയിസ്

ഐപിഎലില്‍ ഇന്ന് നടന്ന തീപാറും മത്സരത്തിൽ വിജയം സ്വന്തമാക്കി ലക്നൗ സൂപ്പര്‍ ജയന്റ്സ്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സ് 210/7 എന്ന സ്കോര്‍ നേടിയപ്പോള്‍ 19.3 ഓവറിൽ ആണ് 4 വിക്കറ്റ് നഷ്ടത്തിൽ ലക്നൗ വിജയം കരസ്ഥമാക്കിയത്.

ഓപ്പണിംഗ് വിക്കറ്റിൽ കെഎൽ രാഹുലും ക്വിന്റൺ ഡി കോക്കും ചേര്‍ന്ന് തട്ടുപൊളിപ്പന്‍ ബാറ്റിംഗ് പ്രകടനം ആണ് ലക്നൗവിന് വേണ്ടി പുറത്തെടുത്തത്. 99 റൺസാണ് ഈ കൂട്ടുകെട്ട് 10.2 ഓവറിൽ നേടിയത്.

26 പന്തിൽ 40 റൺസ് നേടിയ കെഎൽ രാഹുലിന്റെ വിക്കറ്റ് നഷ്ടമായ ലക്നവിന് അധികം വൈകാതെ മനീഷ് പാണ്ടേയുടെ വിക്കറ്റും നഷ്ടമായി. 61 റൺസ് നേടിയ ക്വിന്റൺ ഡി കോക്കിനെയും ഡ്വെയിന്‍ പ്രിട്ടോറിയസ് വീഴ്ത്തിയതോടെ ലക്നൗവിന് കാര്യങ്ങള്‍ ശ്രമകരമായി മാറി.

മത്സരം അവസാന നാലോവറിലേക്ക് കടക്കുമ്പോള്‍ 55 റൺസായിരുന്നു ലക്നൗ നേടേണ്ടിയിരുന്നത്. ശിവം ഡുബേ എറിഞ്ഞ 19ാം ഓവറിൽ 25 റൺസ് പിറന്നപ്പോള്‍ ലക്ഷ്യം 6 പന്തിൽ 9 റൺസായി മാറി. 9 പന്തിൽ 19 റൺസ് നേടിയ ആയുഷ് ബദോനിയും നിര്‍ണ്ണായക സംഭാവന നല്‍കുകയായിരുന്നു. ലൂയിസ് പുറത്താകാതെ 23 പന്തിൽ നിന്ന് 55 റൺസ് നേടി.