ധോണിയുടെ വിരമിക്കലിനെ പറ്റിയുള്ള ഊഹാപോഹങ്ങൾ പുറത്തുവന്നു കൊണ്ടിരിക്കെ ധോണിയെ താരത്തിന്റെ വഴിക്ക് വിടാൻ അപേക്ഷിച്ച് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. എല്ലാവരും ഇന്ത്യൻ ക്രിക്കറ്റിന് ധോണി നൽകിയ സംഭാവനകളെ ബഹുമാനിക്കണമെന്നും സച്ചിൻ പറഞ്ഞു. ന്യൂസിലാൻഡിനെതിരായ ലോകകപ്പ് സെമിയിൽ തോറ്റ് ഇന്ത്യ പുറത്തായതോടെ ധോണി ക്രിക്കറ്റിൽ നിന്ന് വിരമിച്ചേക്കുമെന്ന് വാർത്തകൾ വന്നിരുന്നു.
ക്രിക്കറ്റിൽ നിന്ന് വിരമിക്കുക എന്നത് ധോണിയുടെ വ്യക്തിപരമായ കാര്യമാണെന്നും ധോണിക്ക് അതിനുള്ള ഇടം നൽകുകയും ധോണിയുടെ തീരുമാനത്തെ ബഹുമാനിക്കുകയും വേണമെന്നും സച്ചിൻ പറഞ്ഞു. താരത്തിന്റെ വിരമിക്കലിനെ പറ്റി ഊഹാപോഹങ്ങൾ പരത്തുന്നതിന് പകരം ഇന്ത്യൻ ക്രിക്കറ്റിന് ധോണി നൽകിയ സംഭാവനകളെ ബഹുമാനിക്കണമെന്നും ഇന്ത്യൻ ഇതിഹാസം പറഞ്ഞു. ധോണിയെ പോലെ ഒരു കരിയർ വേറെ ആർക്കും ഇല്ലെന്നും ധോണിക്ക് കിട്ടുന്ന സപ്പോർട്ടും വിശ്വാസവും ധോണി ഇന്ത്യൻ ടീമിന് നൽകിയ സംഭാവനകളുടെ ഫലമാണെന്നും സച്ചിൻ പറഞ്ഞു. ആരാധകർ ഇപ്പോഴും താരത്തിൽ വിശ്വസിച്ചിരുന്നെന്നും ധോണി പുറത്താവുന്നത് വരെ ഇന്ത്യക്ക് ജയിക്കാനുള്ള സാധ്യത ഉണ്ടായിരുന്നെന്നും സച്ചിൻ പറഞ്ഞു.
അതെ സമയം ഇതുവരെ ധോണി ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിനെ പറ്റി പ്രതികരിച്ചിട്ടില്ല. ഇന്നലെ മത്സര ശേഷം പത്രലേഖകരെ കണ്ട സമയത്ത് ധോണി തന്നോട് വിരമിക്കലിനെ പറ്റി ഒന്നും സൂചിപ്പിച്ചിട്ടില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി വ്യക്തമാക്കിയിരുന്നു.