ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇഞ്ച്വറി ടൈ ഷോക്ക്. എവർട്ടണെ ഇന്ന് ഓൾഡ് ട്രാഫോർഡിൽ വെച്ച് നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് 95ആം മിനുട്ടിൽ പിറന്ന ഗോളിലാണ് സമനില പിടിച്ചത്. ഒരു ഘട്ടത്തിൽ എതിരില്ലാത്ത രണ്ടു ഗോളിന് മുന്നിൽ നിന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെ 3-3 എന്ന സമനിലയിലേക്ക് തളക്കാൻ എവർട്ടണായി.
ആദ്യ പകുതിയിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആധിപത്യം ആണ് കണ്ടത്. എവർട്ടണ് ഒരു ഷോട്ട് ടാർഗറ്റിലേക്ക് തൊടുക്കാൻ പോലും ആദ്യ പകുതിയിൽ ആയില്ല. 24ആം മിനുട്ടിൽ ലീഡ് എടുക്കാനും യുണൈറ്റഡിനായി. വലതു വിങ്ങിൽ നിന്ന് മാർക്കസ് റാഷ്ഫോർഡ് നൽകിയ ക്രോസ് ഒരു ഹെഡറിലൂടെ എഡിസൻ കവാനി വലയിൽ എത്തിക്കുക ആയിരുന്നു. കവാനിയുടെ ഗോളിന് ശേഷം യുണൈറ്റഡ് മാത്രമെ ആദ്യ പകുതിയിൽ ചിത്രത്തിൽ ഉണ്ടായിരുന്നുള്ളൂ.
രണ്ടാം പകുതിയുടെ അവസാനം ബ്രൂണൊ ഫെർണാണ്ടസിന്റെ ഗോൾ ആ ആധിപത്യം ഉറപ്പിച്ചു കൊണ്ട് രണ്ടാം ഗോളായി മാറി. ബോക്സിന് പുറത്ത് നിന്ന് ബ്രൂണോ നേടിയ ഗോൾ ബ്രൂണൊ ഫെർണാണ്ടസിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിലെ ഏറ്റവും മികച്ച ഗോളായിരിക്കണം. എതിരില്ലാത്ത രണ്ടു ഗോളിന്റെ ലീഡുമായി രണ്ടാം പകുതി ആരംഭിച്ച യുണൈറ്റഡിന് കാര്യങ്ങൾ പെട്ടന്നു തന്നെ കൈവിട്ടു പോയി.
49ആം മിനുട്ടിൽ ഗോൾ കീപ്പർ ഡി ഹിയയുടെ അബദ്ധം മുതലെടുത്ത് ഡൊകുറെ എവർട്ടൺ തിരിച്ചടി ആരംഭിച്ചു. മൂന്ന് മിനുട്ടുകൾക്ക് അകം ഹാമസ് റോഡ്രിഗസ് കൂടെ ഗോൾ നേടിയതോടെ എവർട്ടൺ യുണൈറ്റഡിനൊപ്പം എത്തി. സ്കോർ 2-2. ഇതിനു ശേഷം ലീഡ് തിരിച്ചെടുക്കാൻ രു സുവർണ്ണാവസരം കവാനി റാഷ്ഫോർഡിന് ഒരുക്കി കൊടുത്തു എങ്കിലും ഫിനിഷ് ചെയ്യാൻ ഇംഗ്ലീഷ് താരത്തിനായില്ല.
70ആം മിനുട്ടിൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും ലീഡിലേക്ക് തിരികെ വന്നത്. ഒരു ലൂക് ഷോയുടെ ഫ്രീകിക്ക് നിന്ന് പിറന്ന മക്ടോമിനെ ഹെഡർ ആണ് വലയിൽ കയറിയത്. ഈ ലീഡും സമർത്ഥമായി സംരക്ഷിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായില്ല. 95ആം മിനുട്ടിലെ ഫ്രീകിക്കിൽ ആണ് കാൾവട്ട് ലൂയിൻ എവർട്ടണ് സമനിലയും നൽകി. ഈ സമനില മാഞ്ചസ്റ്റർ യുണൈറ്റഡ് കിരീട പ്രതീക്ഷക്ക് വൻ തിരിച്ചടി ആയി. 45 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ രണ്ടാമത് നിൽക്കുക ആണ്. ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിക്കു 47 പോയിന്റാണ് ഉള്ളത്. പക്ഷെ സിറ്റി രണ്ടു മത്സരങ്ങൾ കുറവാണ് കളിച്ചത്.