ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇംഗ്ലണ്ടിനു സെമി യോഗ്യത, അന്യ ഷ്രുബ്സോളുിനു ഹാട്രിക്ക്

വനിത ലോക ടി20യില്‍ സെമി യോഗ്യത ഉറപ്പാക്കി ഇംഗ്ലണ്ട്. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 7 വിക്കറ്റിന്റെ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. 19.3 ഓവറില്‍ 85 റണ്‍സിനു ദക്ഷിണാഫ്രിക്കയെ പുറത്താക്കിയ ശേഷം ഇംഗ്ലണ്ട് 14.1 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ വിജയം കുറിച്ചു.

27 റണ്‍സ് നേടിയ ച്ലോ ട്രയണ്‍ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. മിഗ്നണ്‍ ഡു പ്രീസ്(16), ലിസെല്ലേ ലീ(12) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. ഇംഗ്ലണ്ടിനായി 4 ഓവറില്‍ നിന്ന് 4 റണ്‍സ് മാത്രം വിട്ട് നല്‍കി 3 വിക്കറ്റ് നേടിയ നത്താലി സ്കിവറിനൊപ്പം ഹാട്രിക്ക് നേട്ടം സ്വന്തമാക്കി അന്യ ഷ്രുബ്സോളും ദക്ഷിണാഫ്രിക്കയുടെ അന്തകരായി. ക്രിസ്റ്റി ഗോര്‍ഡണ്‍ രണ്ട് വിക്കറ്റ് നേടി.

ഡാനിയേല്‍ വയട്ട്(27), താമി ബ്യൂമോണ്ട്(24), നത്താലി സ്കിവര്‍(2) എന്നിവരെ നഷ്ടമായ ഇംഗ്ലണ്ടിനെ ഹീത്തര്‍ നൈറ്റ്(14*), ആമി എല്ലെന്‍ ജോണ്‍സ്(14*) എന്നിവര്‍ വിജയത്തിലേക്ക് നയിച്ചു. ദക്ഷിണാഫ്രിക്കന്‍ നായിക ഡെയിന്‍ വാന്‍ നീക്കെര്‍ക്ക് 2 വിക്കറ്റ് നേടി.