പോയിന്റ് പട്ടികയിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന ചിരവൈരികൾ ഒരിക്കൽ കൂടി സാന്റിയാഗോ ബെർണബ്യുവിന്റെ പുല്ലുകൾക്ക് തീപിടിപ്പിക്കാൻ ഇറങ്ങുന്നു. ലോകകപ്പ് അവധിക്ക് പിരിയുന്നതിന് മുൻപ് ഒന്നാം സ്ഥാനം നിലനിർത്തുകയെന്ന മാനസിക മുൻതൂക്കം നേടിയെടുക്കാൻ വിജയം അനിവാര്യമായത് കൊണ്ട് എൽ ക്ലാസികോ അതിന്റെ എല്ലാ ആവേശത്തോടും കൂടി ഇത്തവണ ആരാധകർക്ക് മുന്നിലെത്തും. നിലവിൽ ഗോൾ നിലയിലുള്ള വ്യത്യാസം മാത്രമാണ് റയലിനേയും ബാഴ്‌സയെയും വേറിട്ട് നിർത്തുന്നത്. ലീഗ് നേടാൻ നിർണായകമായേക്കാവുന്ന മത്സരത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും ഇരു ടീമുകൾക്കും മുന്നിലില്ല. സമീപ കാലത്തെ ലോകത്തെ ഏറ്റവും മികച്ച മുന്നേറ്റക്കാരായ കരീം ബെൻസിമയും റോബർട് ലെവെന്റോവ്സ്കിയും നേർക്കുനേർ വരുന്നതിനും ഫുട്ബോൾ ലോകം സാക്ഷിയാവും.
ഗോൾ വ്യത്യാസത്തിൽ ബാഴ്‌സലോണയാണ് നിലവിൽ ലീഗിൽ മുമ്പമാർ. സമനിലയോടെ തുടങ്ങി പിന്നീട് ഗോൾ അടിച്ച് കൂട്ടി മുന്നേറിയിരുന്ന ബാഴ്‌സക്ക് പക്ഷെ കഴിഞ്ഞ വാരത്തിനുള്ളിൽ ഏറ്റ തിരിച്ചടികൾ മറക്കാൻ കൂടി വിജയം അനിവാര്യമാണ്. ഇന്ററിനോടെറ്റ തോൽവിയും തോൽവിക്കൊത്ത സമനിലയും സെൽറ്റയോട് പുറത്തെടുത്ത മോശം പ്രകടനവും ടീം ഇനിയും ഒരുപാട് മുന്നേറാൻ ഉണ്ടെന്ന സൂചനയാണ്. പ്രതിരോധത്തിലെ പരിക്കുകൾ പ്രശ്നമാകുമ്പോൾ തന്നെ വീണ്ടും ഒരിക്കൽ കൂടി പിക്വേയിൽ സാവി അഭയം പ്രാപിക്കുമോ എന്നാണ് ആരാധകരും ഉറ്റുനോക്കുന്നത്. ഗത്യന്തരമില്ലാതെ ഡിയോങ്ങിനെ തന്നെ എറിക് ഗർഷ്യക്ക് കൂട്ടായി ഇറക്കിയാലും അത്ഭുതപ്പെടാനില്ല. പരക്കെ വിമർശിക്കപ്പെട്ട തന്ത്രങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് കെസി, ഡിയോങ് എന്നിവർക്ക് കൂടുതൽ അവസരങ്ങൾ നൽകാൻ സാവി തുനിയുമോ എന്നതും കണ്ടറിയേണ്ടതാണ്. മുന്നേറ്റത്തിൽ പതിവ് പോലെ ലെവെന്റോവ്സ്കിയും, റാഫിഞ്ഞയും, ഡെമ്പാലേയും തന്നെ എത്തുമ്പോൾ കളിമെനയാൻ പെഡ്രി തന്നെ എത്തും.
ആത്മവിശ്വാസത്തിൽ ആണ് റയൽ മാഡ്രിഡ്. അത്ര കരുത്തരല്ലാത്ത ശക്തർ ഡോനെസ്കിനോട് തോൽവിയുടെ വക്കിൽ എത്തി ഇഞ്ചുറി ടൈമിൽ സമനില പിടിക്കാൻ അവർക്ക് കഴിഞ്ഞിരുന്നു. അവസാന നിമിഷം വരെ തങ്ങൾ പ്രതീക്ഷ കൈവിടില്ലെന്ന ഇച്ഛാശക്തിയിൽ തെല്ലും കുറവ് വന്നിട്ടില്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കാൻ ഇതോടെ റയലിനായി. പോസ്റ്റിന് കീഴിൽ കുർട്ടോയുടെ കൈകൾ ഇല്ലാത്തത് തിരിച്ചടിയാണ്. കഴിഞ്ഞ ദിവസം പരിശീലനത്തിനും താരം എത്തിരുന്നതോടെ ബാഴ്‌സക്കെതിരെ കളത്തിൽ ഉണ്ടാവില്ലെന്ന് ഉറപ്പായി. എങ്കിലും മറ്റ് പ്രമുഖ താരങ്ങൾ പുറത്തല്ലെന്നത് ആശ്വാസവുമാണ്. പരിക്കേറ്റ റൂഡിഗർ മാസ്‌ക്ക് അണിഞ്ഞ് പരിശീലനം നടത്തിയിരുന്നു. ബെൻസിമയും, വിനിഷ്യസും, മോഡ്രിച്ചുമെല്ലാം ചേരുമ്പോൾ സ്വന്തം തട്ടകത്തിൽ ബാഴ്‌സയെ വീഴ്ത്താമെന്നാണ് റയലിന്റെ പ്രതീക്ഷ. ഒപ്പം കളം നിറഞ്ഞു കളിക്കുന്ന വാൽവെർഡെയും സബ് ആയി എത്തി കളി മാറ്റി മറിക്കാൻ കെൽപ്പുള്ള കമാവിംഗയും കൂടി ആവുമ്പോൾ ആൻസലോട്ടിക്ക് കാര്യങ്ങൾ എളുപ്പമാകും.
ഞായറാഴ്ച വൈകീട്ട് ഏഴു നാല്പത്തിയഞ്ചിനാണ് മത്സരം ആരംഭിക്കുക.